Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭരണമാറ്റം ലക്ഷ്യമിട്ട് അക്രമം നടത്തുന്നവർക്ക് സർക്കാർ ജോലിയില്ല’: വിവാദ നീക്കവുമായി യോഗി സർക്കാർ; ബ്രിട്ടീഷ് ഭരണം ഓർമിപ്പിക്കുന്ന നടപടിയെന്ന് പ്രതിപക്ഷം

text_fields
bookmark_border
Uttar Pradesh Chief Minister Yogi Adityanath addressing an event, representing human rights scrutiny and international sanctions petition
cancel
camera_alt

യോഗി ആദിത്യനാഥ്

ലഖ്നോ: ഉത്തർപ്രദേശിൽ സർക്കാർ ജോലികൾക്കായുള്ള ഉദ്യോഗാർഥികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് പരിശോധനയിൽ വിവാദ നിബന്ധനകളുമായി യോഗി ആദിത്യനാഥ് സർക്കാർ. 'ഭരണമാറ്റം' ലക്ഷ്യമിട്ടുള്ള അക്രമ സംഭവങ്ങളിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ പങ്കാളികളാകുന്നവർക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റുകൾ വഴിയുള്ള സർക്കാർ ജോലി നൽകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു.

സമീപകാലത്ത് നടന്ന പ്രക്ഷോഭങ്ങൾക്കിടെ ഉയർന്ന 'ഭരണമാറ്റ' ആഹ്വാനങ്ങളെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെയാണ് സർക്കാറിന്റെ ഈ വിവാദ തീരുമാനം. ഒരു ഉദ്യോഗാർഥിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം അപേക്ഷ നിരസിക്കില്ലെന്നും കേസിന്റെ സ്വഭാവവും സാഹചര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ വകുപ്പുകൾ, കോർപറേഷനുകൾ, കൗൺസിലുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നേരിട്ടുള്ള നിയമനങ്ങൾക്ക് ചട്ടങ്ങൾ ബാധകമാണ്. നിലവിലുള്ള ഭരണക്രമം അക്രമത്തിലൂടെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനകളിൽ അംഗങ്ങളായവരെ സർക്കാർ നിയമനത്തിന് അയോഗ്യരായി കണക്കാക്കാമെന്ന് ഉത്തരവിൽ പറയുന്നു.

21 വയസ്സ് പൂർത്തിയായശേഷം, സ്വഭാവപരിശോധന നടത്തുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് വർഷത്തിനിടെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആ വ്യക്തി ഇപ്പോഴും സജീവമായി അതിൽ ഏർപ്പെട്ടിരിക്കുന്നതായി കണക്കാക്കാം. എന്നാൽ ഇടക്കാലത്ത് പെരുമാറ്റത്തിൽ അനുകൂലമായ മാറ്റമുണ്ടായെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഈ നിഗമനം പുനഃപരിശോധിക്കാം.

തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഇൻഡ്യ സഖ്യത്തിന്റെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹിയിലും ഉത്തർപ്രദേശിലും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നവംബർ 1ന് ഡൽഹി രാംലീല മൈതാനത്ത് 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' റാലി സംഘടിപ്പിക്കാനിരിക്കെയാണ് യു.പി സർക്കാറിന്റെ നീക്കം.

അതേസമയം വിവാദ ഉത്തരവിനെതിരെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്തെ നടപടികളെ ഓർമിപ്പിക്കുന്നതാണ് ഉത്തരവെന്ന് സമാജ്‌വാദി പാർട്ടി വക്താവ് ഉദയ്‌വീർ വിമർശിച്ചു. സ്വതന്ത്ര ഇന്ത്യയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും തെരഞ്ഞെടുപ്പുകളിലൂടെ നിയമപരമായി ഭരണമാറ്റം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തുന്ന ഭരണരീതിയാണ് നിലവിലുള്ളതെന്നും അതുകൊണ്ടാണ് കൊളോണിയൽ കാലത്തെ ഉത്തരവുകളെ ഓർമിപ്പിക്കുന്ന നടപടികൾ ഉണ്ടാകുന്നതെന്നും ഉദയ്‌വീർ ചൂണ്ടിക്കാട്ടി.

സർക്കാർ അമിതാധികാരം പ്രയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാവും വിമർശിച്ചു. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണോ, കോടതികൾ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജെൻസി പ്രതിഷേധങ്ങളെ സർക്കാർ ഭയപ്പെടുന്നതിന്റെ സൂചനയാണ് ഉത്തരവെന്നും അൽവി കൂട്ടിച്ചേർത്തു.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോ അന്വേഷണം തുടരുന്നതോ മാത്രം നിയമനത്തിന് അയോഗ്യതയാകില്ല. കുറ്റവിമുക്തരായവർ, ഒത്തുതീർപ്പിലൂടെ കേസുകൾ അവസാനിച്ചവർ, ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ എന്നിവയിലും സ്വമേധയാ അയോഗ്യത ബാധകമാകില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No UP govt jobs for those involved in violent activities seeking ‘regime change
Next Story