ബി.ജെ.പി എം.പിമാരുടെ മക്കൾക്ക് സീറ്റ് നിരസിച്ചതിന് പിന്നിൽ തന്‍റെ തീരുമാനമെന്ന് മോദി
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എം.പിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്നത് തന്‍റെ തീരുമാനമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടന്ന ബി.ജെ.പി എം.പിമാരുടെ ആദ്യ പ്രതിവാര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി എം.പിമാരും പാർട്ടി നേതാക്കളും അവരുടെ മക്കൾക്ക് വേണ്ടി സീറ്റിന് അഭ്യർഥിച്ചിരുന്നെങ്കിലും പലർക്കും സീറ്റ് നിഷേധിക്കപ്പെട്ടു. താൻ കാരണമാണ് അവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും അത് രാജവംശ രാഷ്ട്രീയത്തിന്‍റെ ഭാഗമായതിനാലാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമാജ്‌വാദി പാർട്ടിയിൽ ചേർന്ന ബി.ജെ.പി എം.പി റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്കിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
രാജവംശ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും രാജവംശങ്ങൾ ജാതീയതയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിൽ തന്റെ പ്രധാന ലക്ഷ്യം കോൺഗ്രസായിരുന്നെന്ന് സമാജ്‌വാദി പാർട്ടിയുടേതുൾപ്പടെ പേരുകൾ പരാമർശിക്കാതെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2024-ൽ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള രാജവംശ പാർട്ടികൾക്കെതിരെ ബി.ജെ.പി ബോധവൽക്കരണം നടത്തണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

