വാസ്തു പേടി; അജിത്ത് പവാറിന് 602ാം കാബിൻ വേണ്ട
text_fieldsഅജിത് പവാർ
മുംബൈ: മുഖ്യമന്ത്രിപദവി സ്വപ്നം പാതിവഴിയിൽ വീണുടയുമെന്ന പേടിയിൽ ‘വാസ്തു ശരിയല്ലാത്ത’ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലെ 602ാം നമ്പർ കാബിൻ വേണ്ടെന്നുവെച്ച് അജിത് പവാർ. എൻ.സി.പിയെ പിളർത്തി ഏക്നാഥ് ഷിൻഡെ പക്ഷ വിമത ശിവസേന-ബി.ജെ.പി സർക്കാറിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി പദത്തിലെത്തിയ അജിത് പവാറിന് 602ാം നമ്പർ കാബിനാണ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് അനുവദിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയിലെ രണ്ടാമന്റെയും ചീഫ്സെക്രട്ടറിയുടെയും കാബിനുകളുള്ള ആറാം നിലയിലാണ് 602ാം കാബിനും. സ്വീകരണ മുറി, ഭീമൻ സമ്മേളന ഹാൾ, വലിയ ഓഫിസ്, മന്ത്രിയുടെ കാബിൻ അടങ്ങിയതാണ് 3,000 ചതുരശ്രഅടി വലിപ്പമുള്ള കാബിൻ.
ഇന്നേവരെ ആ കാബിനിൽ ഇരുന്നവരാരും അധികാരത്തിൽ നീണാൾവാണിട്ടില്ല എന്നതാണ് അജിതിനെ ഭയപ്പെടുത്തുന്നത്. മുമ്പ് ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസും അജിത് തന്നെയും ആ കാബിൻ വേണ്ടെന്നു പറഞ്ഞതാണ്. 2014ൽ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ രണ്ടാമനായി 602ാം കാബിനിലിരുന്ന ഏക്നാഥ് ഖഡ്സെക്ക് രണ്ടു വർഷത്തിനകം ഭൂമി കുംഭകോണ വിവാദത്തിൽ രാജിവെക്കേണ്ടിവന്നു.
പിന്നീട് ആ കാബിനിലെത്തിയ ബി.ജെ.പിയിലെ മറ്റൊരു മുതിർന്ന നേതാവ് പാണ്ഡുരംഗ് ഫുണ്ട്കർ 2018ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പിന്നീട് അവിടെ എത്തിയ മന്ത്രി അനിൽ ബോണ്ടെ 2019ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയുംചെയ്തു. ഇതോടെ വാസ്തുതെറ്റിയ മുറിയായി 602 കുപ്രസിദ്ധമായി. ഇതൊക്കെയാണ് അജിതിനെ ഭയപ്പെടുത്തുന്നത്. ഫഡ്നാവിസും അജിത്തും മാത്രമല്ല മറ്റ് മുതിർന്ന മന്ത്രിമാരും മുമ്പ് 602ാം കാബിൻ വേണ്ടെന്ന് പറഞ്ഞവരായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

