മോദിയുടെ പ്രസ്താവനയില്ല, വിശദ ചർച്ചയുമില്ല
text_fieldsകഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച ന്യൂഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിന് മുന്നിൽ കാത്തലിക് ബിഷപ് കോൺഫറൻസ് സംഘടിപ്പിച്ച ‘മണിപ്പൂർ പ്രാർഥന’യിൽ പങ്കെടുക്കുന്നവർ
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച തുടങ്ങണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖംതിരിച്ച് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ സഭാനടപടികളും സ്തംഭിച്ചേക്കും. മഴക്കാല പാർലമെന്റ് സമ്മേളനത്തിന് ഇനിയും പ്രധാന കാര്യപരിപാടികളിലേക്ക് കടക്കാൻകഴിഞ്ഞിട്ടില്ല.
ചർച്ചയിൽ പങ്കുചേരാൻ ‘തൊഴുകൈകളോടെ’ പ്രതിപക്ഷത്തോട് അഭ്യർഥിക്കുകയാണെന്ന് വാർത്താവിതരണ മന്ത്രി അനുരാഗ് ഠാകുർ ഞായറാഴ്ച പറഞ്ഞു. എന്നാൽ, ഹ്രസ്വചർച്ച നടത്താമെന്നല്ലാതെ പ്രതിപക്ഷം ആവശ്യപ്പെടുന്നവിധം അംഗങ്ങൾക്ക് വിശദീകരണംതേടാൻ അവസരം നൽകുന്ന ചർച്ചയെക്കുറിച്ച് മന്ത്രി മൗനംപാലിച്ചു. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമസംഭവങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്ന കാഴ്ചപ്പാടും മന്ത്രി പ്രകടിപ്പിച്ചു.
മണിപ്പൂർ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെ കാര്യങ്ങളും ഉൾപ്പെടുത്തിയുള്ള ചർച്ചയാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇരകൾ ഏതു സംസ്ഥാനത്തായാലും സ്ത്രീകൾക്കെതിരായ അതിക്രമം വേദനജനകമാണ്. അത്തരം സംഭവങ്ങൾ നിയന്ത്രിക്കേണ്ടത് സംസ്ഥാന സർക്കാറുകളുടെ ഉത്തരവാദിത്തമാണ്. രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.
വിഡിയോ പുറത്തുവന്നതിനെ തുടർന്ന് സ്ത്രീകൾക്കെതിരായ അക്രമത്തെക്കുറിച്ചല്ലാതെ, മണിപ്പൂരിലെ കലാപസാഹചര്യങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രിയോ മറ്റു കേന്ദ്രമന്ത്രിമാരോ സംസാരിക്കുന്നില്ല. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തെ ചില പ്രതിപക്ഷ സർക്കാറുകളുള്ള സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളുമായി സമീകരിക്കുകയുമാണ്.
തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനുമുമ്പ് ഗാന്ധിപ്രതിമക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്താൻ പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റ് നടത്തിപ്പിൽ സർക്കാറും പ്രതിപക്ഷവുമായി ഒത്തുതീർപ്പ് ഉണ്ടാക്കാൻ കഴിയാത്തതിന്റെ പ്രതിഫലനം കൂടിയാണിത്.
പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തേണ്ട ആവശ്യമില്ലെന്നും ചർച്ചനടന്നാൽ അതിനൊടുവിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകുമെന്നുമാണ് സർക്കാർനിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

