ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസുമായി പങ്കുവെക്കില്ലെന്ന് ജനതാദൾ നേതാവ് എച്ച്.ഡി കുമാരസ്വാമി. കോൺഗ്രസും ജെ.ഡി.എസും ഉൗഴം െവച്ച് മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല. സ്ഥാനം പൂർണമായും ജെ.ഡി.എസിനു തന്നെയാണെന്നും കുമാരസ്വാമി പറഞ്ഞു. ബി.ജെ.പിയുമായി 2007ൽ ഉണ്ടാക്കിയതുപോലെ കോൺഗ്രസുമായി മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതിൽ ധാരണയുണ്ടോ എന്ന മാധ്യമപ്രവർത്തകരുെട ചോദ്യത്തിനാണ് കുമാരസ്വാമി മറുപടി നൽകിയത്.
2007ൽ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്നപ്പോൾ ജനതാദൾ മുഖ്യമന്ത്രി സ്ഥാനം പങ്കുവെച്ചിരുന്നു. അന്ന് 20 മാസങ്ങൾക്ക് ശേഷം ബി.ജെ.പി- ജെ.ഡി.എസ് സഖ്യം പിളർന്നു. കുമാരസ്വാമി അധികാരം പങ്കിടാൻ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി തെറ്റിപ്പിരിഞ്ഞത്.
ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. ഭൂരിപക്ഷം തെളിയിക്കാനാകാതെ യെദിയൂരപ്പ രാജിെവച്ചതിനെ തുടർന്നാണ് കുമാരസ്വാമിെയ സർക്കാറുണ്ടാക്കാൻ ഗവർണർ വാജുഭായ് വാല ക്ഷണിച്ചത്. ജെ.ഡി.എസിന് നിബന്ധനകെളാന്നുമില്ലാതെ കോൺഗ്രസ് പൂർണ പിന്തുണ നൽകിയാണ് സഖ്യം രൂപീകരിച്ചത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി അധികാരത്തിെലത്തുന്നത് തടയാൻ വേണ്ടിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സഖ്യം രൂപീകരിച്ചത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 78 സീറ്റും ജെ.ഡി.എസിന് 38 സീറ്റുമാണ് ലഭിച്ചത്. മന്ത്രിസഭയിൽ 20 മന്ത്രിമാർ കോൺഗ്രസിനും 13 മന്ത്രിമാർ ജെ.ഡി.എസിനുമായിരിക്കും എന്നാണ് സൂചന.