കരിനിയമം പിൻവലിക്കുന്നതുവരെ വസുന്ധരയെ ബഹിഷ്ക്കരിക്കുമെന്ന് രാജസ്ഥാൻ പത്രിക
text_fieldsജയ് പുർ: പത്രങ്ങളെ നിയന്ത്രിക്കുന്ന വിവാദ ഓർഡിനൻസ് വസുന്ധര രാജെ സിന്ധ്യ സർക്കാർ പിൻവലിക്കുന്നതുവരെ രാജസ്ഥാൻ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കുമെന്ന് രാജസ്ഥാൻ പത്രിക. അഴിമതി നടത്തിയ ഗവൺമെന്‍റ് ഉദ്യോഗസ്ഥർ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവരെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ളതാണ് സർക്കാർ കൊണ്ടുവന്ന പുതിയ ഓർഡിനൻസ്. ഈ കരിനിയമത്തിനെതിരെയാണ് സംസ്ഥാനത്തെ പ്രമുഖ പത്രമായ രാജസ്ഥാൻ പത്രിക കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
എഡിറ്റർ ഗുലാബ് കോത്താരിയാണ് സർക്കാറിനെ നിശിതമായി വിമർശിക്കുന്ന എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. ഈ കരിനിയമം പിൻവലിക്കാൻ വസുന്ധര രാജെ തയാറാകുന്നില്ലെങ്കിൽ അവരെക്കുറിച്ചോ അവരുമായി ബന്ധപ്പെട്ട വാർത്തകളോ രാജസ്ഥാൻ പത്രിക പ്രസിദ്ധീകരിക്കില്ല. ജനാധിപത്യവും ആവിഷ്ക്കര സ്വാതന്ത്ര്യവും ജനങ്ങളുടെ ആത്മാഭിമാനവുമാണ് ഇവിടെ ചോദ്യ ചെയ്യപ്പെടുന്നത് എന്ന് അദ്ദേഹം എഡിറ്റോറിയലിൽ പറയുന്നു. എഡിറ്റോറിയൽ ബോർഡിന്‍റെ നിർദേശ പ്രകാരം ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ് ഈ തീരുമാനമെടുത്തതെന്നും കോത്താരി വ്യക്തമാക്കുന്നു.
പത്രത്തിന്‍റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് ഡിൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ആദ്യം രംഗത്തെത്തിയത്. ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ധീരമായ നിലപാടാണ് പത്രം സ്വീകരിച്ചത് എന്നും ഇത് ജേണലിസത്തിലെ അപൂർവ മാതൃകയാണെന്നും അരവിന്ദ് കെജരിവാൾ പറഞ്ഞു.
എതിർപ്പിനെ തുടർന്ന് ഓർഡിനൻസിലെ ഒരു ഭാഗം പുനപ്പരിശോധനക്ക് വിധേയമാക്കാമെന്ന് വസുന്ധര രാജെ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആയ ഓർഡിനൻസ് പിൻവലിക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. ഓർഡിനൻസിനെതിരെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
