വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് വർമക്ക് ആശ്വാസമില്ല; ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ മുൻ ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് ആശ്വാസമില്ല. തനിക്കെതിരായ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇതോടെ ജസ്റ്റിസ് വർമ്മക്കെതിരായ ഇംപീച്ച്മെന്റ് നടപടികളുമായി പാർലമെന്റിന് മുന്നോട്ട് പോകാം.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, എ.ജി മാഷിഷ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. യശ്വന്ത് വർമ്മക്കെതിരായ നടപടികൾ നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന നിയമനടപടികളെല്ലാം പാലിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വ്യക്തമായ തെളിവില്ലാതെ തയാറാക്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ജഡ്ജിയുടെ ആവശ്യമാണ്. അന്വേഷണ സമിതി തന്റെ വിശദീകരണം കേട്ടില്ലെന്ന് ഹരജിയിൽ ആരോപിക്കുന്ന യശ്വന്ത് വർമ, പാര്‍ലമെന്റില്‍ വിചാരണ ചെയ്യാനുള്ള ശിപാര്‍ശയും ചുമതലയില്‍നിന്ന് മാറ്റിയ നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും പറയുന്നു.
ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്‍റ് വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമയുടെ വസതിയിൽനിന്ന് കണക്കിൽ പെടാത്ത തുക കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം വിവാദത്തിന്റെ നിഴലിലായത്. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടിരുന്നു. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും യശ്വന്ത് വർമ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
ഭരണഘടനയും നടപടിക്രമങ്ങളും മറികടന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെയും ചീഫ് ജസ്റ്റിസിന്റെയും നടപടിയെന്നാണ് യശ്വന്ത് വര്‍മയുടെ വാദം. നിയമപരമായ അനുമതിയില്ലാതെയായിരുന്നു സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം. ഇത് നടപടിക്രമങ്ങളുടെയും ഭരണനിര്‍വഹണ സ്വഭാവത്തിന്റെയും ലംഘനമാണ്. ആഭ്യന്തര അന്വേഷണത്തിന് നിയമപരമായോ ഭരണഘടനാപരമായോ പിന്തുണയില്ല. ഭരണഘടനാ പദവിയില്‍നിന്ന് നീക്കാന്‍ രാഷ്ട്രപതിയോട് ചീഫ് ജസ്റ്റിസിന് ശുപാര്‍ശ ചെയ്യാനാവില്ല എന്നുമാണ് യശ്വന്ത് വർമ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

