മുംബൈ: നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ കോവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈകോടതി. ഇവർ രോഗം പരത്തിയതിന് ഒരു തെളിവുകളും ഇല്ല. കോവിഡ് പരത്തിയെന്ന കുറ്റം ചുമത്തി 8 മ്യാൻമർ സ്വദേശികൾക്കെതിരെ എടുത്ത കേസുകൾ കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മ്യാൻമർ സ്വദേശികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്.
പരാതിക്കാർ മാർച്ച് 24 മുതൽ 31വരെ എൻ.എം.സി നാഗ്പൂരിൽ സോണൽ ഓഫീസർ ഡോ. ഖവാജിന്‍റെ മേൽനോട്ടത്തിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഖുർ ആൻ പാരായണം ചെയ്യുകയും പ്രാർഥനകൾ നടത്തുകയുമാണ് ചെയ്തത്. മ്യാൻമർ സ്വദേശികൾക്കെതിരെ കുറ്റം ചുമത്തുന്നത് നിയമലംഘനമാകുമെന്നും ജസ്റ്റിസുമാരായ വി.എം ദേശ്പാണ്ഡെയും അമിത് ബി. ബോർകാറും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ മനപൂർവം കൊവിഡ് പരത്തിയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.