‘അങ്ങനെയൊരു കരാറില്ല, മുഖ്യമന്ത്രിയായി അഞ്ചു വർഷം പൂർത്തിയാക്കും’; അധികാരം പങ്കിടാൻ തയാറല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അഞ്ചു വർഷം പൂർത്തിയാക്കുമെന്നും അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കരാറൊന്നും ഇല്ലെന്നും സിദ്ധരാമയ്യ. കോൺഗ്രസ് ഹൈകമാൻഡിന്‍റെ പൂർണ പിന്തുണ തനിക്കുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അധികാര കൈമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പൂർണമായി തള്ളുന്നതാണ് സിദ്ധരാമയ്യയുടെ വാക്കുകൾ. ഉത്തര കർണാടകയുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചക്കിടെ ബി.ജെ.പി എം.എൽ.എയും പ്രതിപക്ഷ നേതാവുമായ ആർ. അശോകയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി മാറുമെന്ന ചർച്ച സജീവമായത്.
ആദ്യത്തെ രണ്ടര വർഷം സിദ്ധരാമയ്യയും ബാക്കിയുള്ള കാലയളവിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനും ധാരണയുണ്ടെന്ന തരത്തിലാണ് അഭ്യൂഹം. ഡി.കെയുടെ അനുയായികൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വത്തെ കണ്ടിരുന്നു. പരസ്യ പ്രതികരണവുമായി എം.എൽ.എമാരും നേതാക്കളും രംഗത്തുവന്നതോടെ ഹൈകമാൻഡ് തന്നെ ഇടപെട്ടു.
പരസ്യ പ്രതികരണം പാടില്ലെന്ന് കർശന നിർദേശം നൽകി. ‘ഞാൻ വിധിയിൽ വിശ്വസിക്കുന്നില്ല, ഒന്നിനു പുറകെയും പോയിട്ടില്ല. എന്‍റെ വഴിയിൽ മാത്രമാണ് പ്രവർത്തിച്ചത്. ശാരീരികമായി അൽപം ക്ഷീണിതാനാണെങ്കിലും രാഷ്ട്രീയമായി കരുത്തനാണ്. ഇപ്പോൾ ഞാനാണ് മുഖ്യമന്ത്രി, ഹൈകമാൻഡ് പറയുന്നതുവരെ തുടരും’ -സിദ്ദരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രി പദവിയിൽ രണ്ടര വർഷം മാത്രമാണുണ്ടാകുക എന്ന് ഒരിക്കലും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഹൈകമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം താൻ മുഖ്യമന്ത്രിയായി തുടരുമെന്ന് കഴിഞ്ഞദിവസവും സിദ്ധരാമയ്യ ആവർത്തിച്ചിരുന്നു. അഞ്ച് വർഷം ഭരിക്കാനാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. 2028ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും അധികാരത്തിൽ വരും. തങ്ങൾക്ക് ഹൈകമാൻഡ് ഉണ്ട്. അവരുടെ തീരുമാനം സ്വീകരിക്കും. ഹൈകമാൻഡിന്‍റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

