മുസ്‌ലിം പേഴ്സണൽ ലോ ബോർഡിനെതിരെ വിഎച്ച്പി; രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കാനാണ് പേഴ്സണൽ ലോ ബോർഡ് ശ്രമിക്കുന്നതെന്ന് ആരോപണം
text_fieldsവിജയ് ശങ്കർ തിവാരി
ന്യൂഡൽഹി: ഒരു വ്യക്തിനിയമവും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് വ്യക്തമാക്കി, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് (എ.ഐ.എം.പി.എൽ.ബി) പ്രഖ്യാപിച്ച 'ഭരണഘടനാ-ശരീഅത്ത് സംരക്ഷണ' പ്രക്ഷോഭത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഭരണഘടനയെയും ശരീഅത്ത് നിയമത്തെയും ഒരേ തട്ടിൽ വെച്ച് തുലനം ചെയ്യുന്നത് വഴി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കാനാണ് പേഴ്സണൽ ലോ ബോർഡ് ശ്രമിക്കുന്നതെന്ന് വിഎച്ച്പി കേന്ദ്ര ജോയിന്റ് സെക്രട്ടറി വിജയ് ശങ്കർ തിവാരി പ്രസ്താവനയിൽ ആരോപിച്ചു.
മുസ്‌ലിംകൾക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പൊതുസമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്നും ധവളപത്രം പുറത്തിറക്കുമെന്നും കഴിഞ്ഞ ആഴ്ചയാണ് എഐഎംപിഎൽബി പ്രഖ്യാപിച്ചത്. എന്നാൽ ഇത്തരം ക്യാമ്പയിനുകൾ രാജ്യത്തിന് അംഗീകരിക്കാനാവില്ലെന്നും രാജ്യത്ത് ഇത്തരം നീക്കങ്ങൾക്ക് അനുമതി നൽകരുതെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. “ഭരണഘടന അംഗീകരിക്കുക, നിയമം അനുസരിക്കുക, രാജ്യത്തെ ബഹുമാനിക്കുക ഇതാണ് യഥാർത്ഥ സംരക്ഷണം” എന്ന് തിവാരി ഓർമിപ്പിച്ചു.
ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങൾക്കും മുസ്‌ലിംകൾ അർഹരാണെന്നും എന്നാൽ പൗരത്വത്തോടൊപ്പം ചില കടമകൾ കൂടിയുണ്ടെന്നും വിഎച്ച്പി വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കാനും ഏകീകൃത സിവിൽ കോഡിന്റെ അന്തസ്സത്ത ഉൾക്കൊള്ളാനും എല്ലാവരും ബാധ്യസ്ഥരാണ്. വന്ദേമാതരത്തെ ബഹുമാനിക്കുന്നത് ഏതെങ്കിലും മതത്തിന് എതിരല്ലെന്നും, കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോൾ ഇരവാദം ഉയർത്തുന്ന പ്രവണത ശരിയല്ലെന്നും തിവാരി പറഞ്ഞു. ഭരണഘടനയും ശരീഅത്തും തമ്മിൽ വൈരുധ്യം ഉണ്ടായാൽ ഇതിൽ ഏതാണ് അംഗീകരിക്കുകയെന്ന് വ്യക്തമാക്കാൻ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത നേതാക്കൾ തയ്യാറാകണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

