ജിഗ്നേഷ് മേവാനിയുടെ യൂത്ത്റാലി; ഡൽഹി കനത്ത സുരക്ഷയിൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയുടെ ഡൽഹി യുവജനറാലി നടക്കുമെന്ന് കരുതുന്ന പാർലമെൻറ് സ്ട്രീറ്റ് പൊലീസ് നിയന്ത്രണത്തിൽ. 1500ഒാളം പൊലീസ്, പാരാമിലിറ്ററി അംഗങ്ങളാണ് സ്ട്രീറ്റിൽ നിലയുറപ്പിച്ചിരിക്കുന്നത്. 10ഒാളം ജല പീരങ്കികളും കണ്ണീർ വാതകവും തയാറാക്കിയാണ് സേനാംഗങ്ങൾ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
ഭീമസേനയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് റാവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മേവാനിയുടെ നേതൃത്വത്തിൽ റാലി നടത്തുന്നത്. എന്നാൽ റാലിക്ക് പൊലീസ് അനുമതി നൽകിയിട്ടില്ല. രാജ്യ തലസ്ഥാനത്ത് റാലികൾ നടത്തുന്നത് ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. എന്നാൽ യുവ ഹുങ്കാർ എന്നുപേരിട്ട റാലി അനുമതി ഇല്ലാതെ തന്നെ നടത്തുമെന്നാണ് സൂചന. റാലിയിൽ പെങ്കടുക്കാനായി മേവാനിയും കൂട്ടരും പാർലമെൻറ് സ്ട്രീറ്റിൽ എത്തിയിട്ടുണ്ട്.
ഷഹാരൻപൂരിൽ രണ്ടാളുകളുടെ മരണത്തിനിടയാക്കിയ ജാതീയ സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ബി.ജെ.പിയുടെ നാടകമായിരുന്നു അറസ്റ്റെന്നാണ് മേവാനി ആരോപിക്കുന്നത്. തങ്ങൾ ജനാധിപത്യപരമായാണ് പ്രകടനം നടത്തുന്നത്. എന്നാൽ സർക്കാർ തങ്ങളെ ലക്ഷ്യം വെക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പോലും സംസാരിക്കാനനുവദിക്കുന്നില്ലെന്നും മേവാനി ആരോപിച്ചു.
പാർലമെൻറ് സ്ട്രീറ്റിലെ പ്രക്ഷോഭത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇവിടെ റാലികൾ നടത്തുന്നത് ഹരിത ട്രൈ ബ്യൂണൽ വിലക്കിയതാണ്. മറ്റേതെങ്കിലും തെരുവുകളിൽ റാലി നടത്താൻ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരതിന് തയാറായിട്ടില്ല എന്ന് ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഹരിത ട്രൈബ്യൂണൽ വിധി ജന്തർ മനന്തറിനു മാത്രമാണ് ബാധകമെന്നും പാർലമെൻറ് സ്ട്രീറ്റിനല്ലെന്നും വിമർശകർ പറയുന്നു.
ദലിതുകളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി മോദിയെ മേവാനി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. മനുസ്മൃതിയും ഭരണഘടനയും എടുത്ത് പ്രധാനമന്ത്രിയുടെ വാതിൽ മുട്ടി ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുക എന്ന് ചോദിക്കുമെന്ന് മേവാനി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. 2019ൽ പ്രധാനമന്ത്രിയെ പാഠം പഠിപ്പിക്കുെമന്നും മേവാനി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
