Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നാലുവരെ ആരും കൂടിക്കാഴ്ചക്ക് സമയം ചോദിച്ചില്ല, അസാധാരണ ആവശ്യം’; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
‘നാലുവരെ ആരും കൂടിക്കാഴ്ചക്ക് സമയം ചോദിച്ചില്ല, അസാധാരണ ആവശ്യം’; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമീഷൻ
cancel

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യത്തിലെ എം.പിമാർക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നൽകാത്തതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമീഷൻ. ഒരു രാഷ്ട്രീയ പാർട്ടിയും ചൊവ്വാഴ്ച വൈകീട്ടു നാലുവരെ കൂടിക്കാഴ്ചക്ക് ഔദ്യോഗികമായി അനുമതി തേടിയിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

പ്രതിപക്ഷ എം.പിമാരുടെ സംഘം തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് നിവേദനം സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഡൽഹി പൊലീസാണ് വൈകീട്ട് നാലോടെ തങ്ങളെ അറിയിച്ചതെന്ന് കമീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളോ മുന്നണി നേതാക്കളോ കൂടിക്കാഴ്ചക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ ഔദ്യോഗിക പ്രതിനിധികൾ വഴി മുൻകൂട്ടി അനുമതി തേടണമെന്നതാണ് കമീഷന്‍റെ ചട്ടമെന്നും തുടർന്ന് ഇരുവിഭാഗത്തിനും സൗകര്യപ്രദമായ സമയം നിശ്ചയിക്കുകയാണ് പതിവെന്നും കമീഷൻ വ്യക്തമാക്കി.

‘രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ 2025ൽ ഒരു നടപടിക്രമം രൂപവത്കരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഈ നടപടിക്രമം അറിയിച്ചതാണ്, അവരത് പാലിക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയോ അല്ലെങ്കിൽ മുന്നണിയുടേയോ പ്രതിനിധികൾ കമീഷനെ കാണാൻ ആഗ്രഹിക്കുമ്പോൾ, ഓദ്യോഗിക പ്രതിനിധികൾ വഴി അനുമതി തേടണം. തുടർന്ന് ഇരുപക്ഷത്തിനും സൗകര്യപ്രദമായ സമയം നിശ്ചയിക്കുന്നതാണ് പതിവ്’ -പത്രക്കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ചയിൽ 240 എം.പിമാർ പങ്കെടുക്കുന്നുണ്ടെന്നും യോഗം പാർലമെന്റ് ഹൗസ് അനക്സിൽ നടക്കുമെന്നുമാണ് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണർ (ഡി.സി.പി) തങ്ങളെ അറിയിച്ചത്. ഈ ആവശ്യം ‘അസാധാരണമാണെന്ന്’ വിശേഷിപ്പിച്ച കമീഷൻ, ഇത്തരം കൂടിക്കാഴ്ചകൾ കമീഷന്റെ ആസ്ഥാനത്ത് മാത്രമാണ് നടക്കാറുള്ളതെന്നും വ്യക്തമാക്കി.

എന്നിട്ടും നിവേദനം സ്വീകരിക്കുന്നതിനായി തങ്ങളുടെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനെ പാർലമെന്റ് അനക്സിലേക്ക് അയക്കാമെന്ന് കമീഷൻ അറിയിച്ചെങ്കിലും എം.പിമാർ തള്ളിക്കളയുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിനും മണിക്കൂറുകൾ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ലോക്സഭാ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും എം.പിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാഹുലിനെയും എം.പിമാരെയും ബലമായി കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ആകാശവാണി ഭവൻ ഒഴിപ്പിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു രാഹുലും നേതാക്കളും. എന്നാൽ, ഈമാസം 15ന് കാണാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. നാളെത്തന്നെ കാണണമെന്ന ആവശ്യത്തിൽ രാഹുൽ ഉറച്ചുനിന്നതോടെയാണ് പൊലീസ് വൻ സന്നാഹവുമായെത്തി എം.പിമാരെയും പിന്നാലെ രാത്രി എട്ടോടെ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തത്. രാഹുലിന് വലയം തീർത്ത എം.പിമാരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്.

ഇൻഡ്യ മുന്നണി പാർലമെന്‍റ് സ്ട്രീറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് അസാധാരണ സംഭവങ്ങൾക്ക് വേദിയായത്. മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയും ഇൻഡ്യ മുന്നണിയിലെ എം.പിമാരും ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള പൊലീസ് ശ്രമം പലതവണ എം.പിമാർ പ്രതിരോധിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിൽനിന്ന് ജനൽ വഴി പുറത്തിറങ്ങാനുള്ള രാഹുലിന്‍റെ ശ്രമം ഫലം കണ്ടില്ല. നോർത്ത് ഡൽഹിയിലെ കിങ്സ് വേ ക്യാമ്പിലേക്കാണ് നേതാക്കളെ കൊണ്ടുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'No party sought meeting till 4 pm': EC on INDIA bloc sit-in against CEC Gyanesh Kumar
Next Story