തെരുവുകളിലും ഗ്രാമങ്ങളിലും ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതേണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ കടമ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: തെരുവുകളിലും ഗ്രാമങ്ങളിലും ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതേണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ കടമയാണെന്ന് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ പ്രത്യയ ശാസ്ത്രത്തെ കോൺഗ്രസ് പരാജയപ്പെടുത്താൻ പോവുകയാണെന്നും രാഹുൽ പറഞ്ഞു. ഇത്തവണത്തെ ലോക്സഭതെരഞ്ഞെടുപ്പ് അസാധാരണമായ സംഭവമാണെന്നും ഇന്ത്യയിലെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള അവസരമാണിത്. അതിനാൽ ആളുകൾ ശ്രദ്ധയോടെ വോട്ടവകാശം വിനിയോഗിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർട്ടിയുടെ നട്ടെല്ലാണ് ഓരോ പ്രവർത്തകരും. എല്ലാവർക്കും വലിയ ഉത്തരവാദിത്തമുണ്ടെന്നും രാഹുൽ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. ഭരണഘടനയെയും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും ചവിട്ടിമെതിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും അവർ വിലക്കെടുത്തുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
ജനങ്ങളെ നേരിൽ കണ്ടറിഞ്ഞാണ് കോൺഗ്രസിന്റെ പ്രകടനപത്രിക തയാറാക്കിയത്. അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും, പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപ ധനസഹായം, കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും, കരാർ തൊഴിൽ സംവിധാനം അവസാനിപ്പിക്കും എന്നിവയാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ചില വാഗ്ദാനങ്ങൾ. മോദിസർക്കാരിന്റെ പിൻവാങ്ങൽ ഉറപ്പാണെന്നും ജൂൺ നാലുവരെ കാത്തിരിക്കാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

