യു.പിയിലെ മദ്രസ സർവേയിൽ എതിർപ്പില്ല; അപമാനിക്കപ്പെടുന്ന തരത്തിലാവരുതെന്ന് ദാറുൽ ഉലൂം ദയൂബന്ദ്
text_fieldsസഹാറൻപൂർ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ സർക്കാർ സ്വകാര്യ മദ്രസകളുടെ സർവേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രമുഖ ഇസ്‍ലാമിക മതപഠന കേന്ദ്രമായ ദാറുൽ ഉലൂം ദയൂബന്ദ്. എന്നാൽ, സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന മുഴുവൻ സംവിധാനവും ചിലർ നിയമങ്ങൾ പാലിക്കുന്നില്ലെന്നതിന്‍റെ പേരിൽ അപമാനിക്കപ്പെടരുതെന്ന് ദാറുൽ ഉലൂം പ്രിൻസിപ്പൽ മൗലാന അർഷദ് മദനി വ്യക്തമാക്കി.
മദ്രസകൾ രാജ്യത്തിന്റെ ഭരണഘടനക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് അർഷദ് മദനി ചൂണ്ടിക്കാട്ടി. സർവേ വിഷയം ചർച്ച ചെയ്യാൻ ദയൂബന്ദിൽ ചേർന്ന വിവിധ മദ്രസകളിൽ നിന്നുള്ള പ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവേക്ക് മദ്രസ മാനേജ്മെന്റുകളെ സഹായിക്കുകയും അവരുടെ പരാതികൾ സർക്കാറിനെ അറിയിക്കുകയും ചെയ്യുന്നതിനായി 12 അംഗ സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളനത്തിൽ രൂപീകരിച്ചു. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് വൈസ് പ്രസിഡന്റുമായ മൗലാന അർഷദ് മദനി മദ്രസകളിലെ സർക്കാർ സർവേയെ നേരത്തെ വിമർശിച്ചിരുന്നു.
ഒന്നും മറച്ചുവെക്കാനില്ലാത്തതിനാൽ സർവേയിൽ സഹകരിക്കാൻ എല്ലാ മദ്രസ മാനേജ്‌മെന്റുകളോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് സമ്മേളനത്തിന് ശേഷം മൗലാന അർഷദ് മദനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ ഭൂമിയിൽ അനധികൃതമായി മദ്രസ പണിയുകയും കോടതി അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ശരീഅത്ത് ഇത് അനുവദിക്കാത്തതിനാൽ മുസ്ലീംകൾ തന്നെ അത് നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഒന്നോ രണ്ടോ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മുഴുവൻ മദ്രസ സംവിധാനത്തെയും അവഗണിക്കരുതെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു. സ്വാതന്ത്ര്യ സമരത്തിൽ മദ്രസകൾ നടത്തിയ ത്യാഗങ്ങൾ മറക്കാനാവില്ലെന്നും അർഷദ് മദനി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത എല്ലാ സ്വകാര്യ മദ്രസകളുടെയും സർവേ നടത്താൻ ഉത്തർപ്രദേശ് സർക്കാർ ആഗസ്റ്റ് 31ന് ഉത്തരവിട്ടിരുന്നു. ഒക്‌ടോബർ 15നകം സർവേ പൂർത്തിയാക്കി 10 ദിവസത്തിനകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ലോക പ്രശസ്ത ഇസ്‍ലാമിക മതപഠനകേന്ദ്രങ്ങളായ നദ്‌വത്തുൽ ഉലമയും ദാറുൽ ഉലൂം ദയൂബന്ദും ഉൾപ്പെടെ 16,000-ത്തോളം സ്വകാര്യ മദ്രസകളാണ് യു.പിയിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

