ഇന്ധനത്തിന്റെയും എൽ.പി.ജിയുടെയും കാര്യത്തിൽ പരിഭ്രാന്തരാവേണ്ട; ക്ഷാമമുണ്ടാവാത്ത വിധം സംഭരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ
text_fieldsന്യൂഡൽഹി: ഇന്ത്യാ-പാക് സംഘർഷം കടുക്കുന്നതിനിടെ രാജ്യത്ത് ഇന്ധനത്തിനോ എൽ.പി.ജിക്കോ ഒരു ക്ഷാമവുമില്ലെന്ന് ഉറപ്പുനൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. പൗരന്മാരോട് ശാന്തരായിരിക്കാൻ അഭ്യർഥിച്ചുകൊണ്ട് ഐ.ഒ.സി.എൽ ഒരു പൊതു പ്രസ്താവന പുറത്തിറക്കി.
‘രാജ്യത്തുടനീളം ഇന്ത്യൻ ഓയിലിന് ധാരാളം ഇന്ധന സ്റ്റോക്കുകളുണ്ട്. ഞങ്ങളുടെ വിതരണ ലൈനുകൾ സുഗമമായി പ്രവർത്തിക്കുന്നു. പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. ഞങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഇന്ധനവും എൽ.പി.ജിയും എളുപ്പത്തിൽ ലഭ്യമാണ്. ശാന്തത പാലിച്ചും അനാവശ്യ തിരക്ക് ഒഴിവാക്കിയും നിങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങളെ സഹായിക്കുക. ഇത് ഞങ്ങളുടെ വിതരണ ലൈനുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുകയും എല്ലാവർക്കും തടസ്സമില്ലാതെ ഇന്ധന ലഭ്യത ഉറപ്പാക്കുകയും ചെയ്യു’മെന്ന് എക്‌സിലെ പോസ്റ്റിലൂടെ ഐ.ഒ.സി.എൽ അറിയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര കാണിക്കുന്ന സമൂഹ മാധ്യമ പോസ്റ്റുകളുടെയും വിഡിയോകളുടെയും പശ്ചാത്തലത്തിലാണ് വിശദീകരണം. അതിർത്തിയിലെ സംഭവവികാസങ്ങളിൽ പരിഭ്രാന്തരായ നിരവധി ആളുകൾ വാഹന ടാങ്കുകൾ നിറക്കാനും ഇന്ധനം സംഭരിക്കാനും തിരക്കുകൂട്ടുന്നത് അതിൽ കാണാം.
അതിർത്തി കടന്നുള്ള ആക്രമണങ്ങൾ പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ധന കമ്പനികൾ കിംവദന്തികൾ ഇല്ലാതാക്കാനും സാധാരണ നില നിലനിർത്താനും ശ്രമിച്ചുവരുന്നു. പൂഴ്ത്തിവെപ്പും വിതരണ ശൃംഖലകളിലെ അനാവശ്യ സമ്മർദവും തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഐ.ഒ.സി.എല്ലിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

