Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മുസ്‍ലിംകൾക്ക്...

‘മുസ്‍ലിംകൾക്ക് അനുവാദമില്ല’; യു.പിയിൽ ‘ഹിന്ദുത്വം’ ഭവന വിവേചനത്തിന് ഇന്ധനമാകുന്നതെങ്ങനെ​?

text_fields
bookmark_border
‘മുസ്‍ലിംകൾക്ക് അനുവാദമില്ല’; യു.പിയിൽ ‘ഹിന്ദുത്വം’ ഭവന വിവേചനത്തിന് ഇന്ധനമാകുന്നതെങ്ങനെ​?
cancel

യു.പിയിൽ മുസ്‍ലിംകളുടെ സാധാരണ ജീവിതത്തിനുമേൽ ‘ഹിന്ദുത്വ’ എങ്ങനെ ഭീതിയുടെ നിഴൽ വീഴ്ത്തുന്നുവെന്ന് തുറന്നുകാട്ടുന്നതാണ് ‘ദി ക്വിന്റ്’ വാർത്താ പോർട്ടലിന്റെ പുതിയ അന്വേഷണം. ഒരു മുസ്‍ലിമിന് വീട് കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുന്നത് എങ്ങനെയൊക്കെയാണെന്ന അനുഭവ സാക്ഷ്യങ്ങൾ അത് പങ്കുവെക്കുന്നു.

മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ഭവന വിവേചനം ഇന്ത്യയിൽ പുതുമയുള്ള വാർത്തയല്ല. നിങ്ങൾ ഒരു മുസ്‍ലിമാണെങ്കിൽ ഇന്ത്യയിലെ പല നഗരങ്ങളിലും വീടോ ഫ്ലാറ്റോ അന്വേഷിക്കുമ്പോൾ പല തരത്തിലുള്ള വിവേചനം നേരിടേണ്ടി വ​ന്നേക്കാം. പക്ഷെ, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ യു.പിയിൽ ഈ പ്രതിഭാസം ഇപ്പോൾ ആഴത്തിലായിരിക്കുന്നു. ഹിന്ദുത്വ വാദത്തിന് കടുപ്പമേറി വരുന്നതിനാൽ, മുസ്‍ലിംകൾക്ക് വീടുകൾ നിഷേധിക്കപ്പെടുന്നതോ ഭവന സൊസൈറ്റികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതോ ആയ സംഭവങ്ങൾ അനുദിനം വർധിക്കുകയാണ്.

പ്രാദേശിക പ്രതിഷേധങ്ങൾ മൂലം അവർക്ക് മേഖലയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും വീടുകളുടെ വിൽപനക്ക് നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു. ‘ഭൂമി ജിഹാദെ’ന്നും നമസ്കാരങ്ങൾ നടത്തുന്നുവെന്നും പള്ളികൾ ആസൂത്രണം ചെയ്യുന്നുവെന്നും പോലുള്ള തെളിവില്ലാത്ത ആരോപണങ്ങളാണ് പ്രതിഷേധങ്ങളെ ന്യായീകരിക്കാൻ ഹിന്ദുത്വ വാദികൾ ഉപയോഗിക്കുന്നത്. മുസ്‍ലിംകൾ പലപ്പോഴും ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. ഇത് മെച്ചപ്പെട്ട സേവനങ്ങളിലേക്കും അവസരങ്ങളിലേക്കുമുള്ള പ്രവേശനം കുറക്കുന്നു.

2024 സെപ്റ്റംബറിൽ, മുസഫർനഗറിലെ ഭാരതീയ കോളനിയിലെ ഹിന്ദുക്കൾ കൂടുതലുള്ള ഒരു പ്രദേശത്ത് ഒരു മുസ്‍ലിം യുവാവ് വീട് വാങ്ങി. എന്നാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ അത് വിൽക്കേണ്ടിവന്നു. ‘ഞാൻ ഒരു ഹിന്ദു സഹോദരനിൽ നിന്നാണ് ഫ്ലാറ്റ് വാങ്ങിയത്. പക്ഷേ, ചില പ്രാദേശിക ഹിന്ദുക്കൾ പ്രതിഷേധിക്കുകയും സത്യമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനെത്തുടർന്ന് ഞാൻ അത് വിൽക്കാൻ നിർബന്ധിതനായി’ -മുസഫർനഗറിലെ ഒരു പ്രോപ്പർട്ടി ഡീലറും അവാമെ ഹിന്ദ് പാർട്ടിയുടെ തലവനുമായ റാവു നദീമിന്റെ വാക്കുകളാണിത്.

വാൽമീകി സമുദായത്തിൽപ്പെട്ട, ദുരിതത്തിലായ സുഹൃത്ത് അശോക് ഭാരതിയെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നു വാസ്തവത്തിൽ നദീം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭാരതി തന്റെ ഫ്ലാറ്റ് വിൽക്കാൻ ആഗ്രഹിച്ചു. പക്ഷേ, ജാതി വിവേചനം കാരണം വീട് വാങ്ങാൻ ആരും തയ്യാറായില്ല. തുടർന്നാണ് അദ്ദേഹത്തെ സഹായിക്കാൻ തുറന്ന ബാങ്ക് ലേലത്തിലൂടെ നദീം ഫ്ലാറ്റ് വാങ്ങിയത്. ‘എനിക്ക്, എന്നെ സഹായിച്ച ഒരു ദൈവത്തെപ്പോലെയാണ് നദീം’ -ഫ്ലാറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാരതിയുടെ വാക്കുകൾ ഇതായിരുന്നു.

എന്നാൽ, ഈ വാങ്ങൽ നദീമിന് വലിയ ചെലവ് വരുത്തിവെച്ചു. കേവലം പണച്ചെലവ് മാത്രമല്ല. മാനസിക ആഘാതവും ഉണ്ടാക്കി. ‘ഞങ്ങൾ ഒരു മുസ്‍ലിമിനെ എന്ത് വിലകൊടുത്തായാലും ഇവിടെ താമസിക്കാൻ അനുവദിക്കില്ല. ഞങ്ങളീ സ്ഥലം വിടും. എന്നാലും മുസ്‍ലിംകളെ ഇവിടെ താമസിക്കാൻ അനുവദിക്കില്ല’ -വലതുപക്ഷ സംഘടനകളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട പ്രാദേശിക ഹിന്ദുക്കൾ ‘ക്വിന്റ്’ സംഘത്തോടു പറഞ്ഞു. ‘രാവിലെ ഒമ്പതു മണിയോടെ കോൾ ലഭിക്കുമ്പോൾ തൊഴിലാളികളവിടെ ജോലി ചെയ്യുകയായിരുന്നു. ചിലർ വാതിൽ തകർത്ത് അകത്തുകടന്ന് തൊഴിലാളികളെയും മർദിച്ചു‘ -നദീം പറഞ്ഞു.

‘ഒരു കലാപത്തിനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. വലതുപക്ഷ ഗ്രൂപ്പുകൾ പരമാവധി അതിനായി ശ്രമിച്ചു. അവർ ഞങ്ങൾക്കെതിരെ എല്ലാത്തരം ആരോപണങ്ങളും ഉന്നയിച്ചു. ഞങ്ങളുടെ പരിസരത്തെ വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തി. ഫ്ലാറ്റിൽ നമസ്കാരം നടത്തിയെന്നും ആയുധങ്ങൾ കൈവശം വച്ചെന്നും അവിടെ ഒരു പള്ളിയും മദ്രസയും നിർമിക്കാൻ ലക്ഷ്യമിട്ടെന്നും അവർ ഞങ്ങളെ കുറ്റപ്പെടുത്തി. ഇത് സി.സി.ടി.വികളുള്ള ഒരു വി.ഐ.പി കോളനിയാണ്. സംശയാസ്പദമായ ആരെങ്കിലും വീട്ടിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്നത് കണ്ടോ? കുറ്റകരമായ എന്തെങ്കിലും പിടിച്ചെടുത്തിട്ടുണ്ടോ? ഇല്ല.’ യെന്ന് നദീം പറയുന്നു. പ്രതിഷേധങ്ങൾ കടുപ്പിച്ചതോടെ നഷ്ടങ്ങൾ സഹിച്ച് ഒടുവിൽ നദീം ഫ്ലാറ്റ് വിറ്റു.

ബറേലിയിലെ പഞ്ചാബ് പുരയിൽ സമാനമായ ഒരു കേസിൽ, ഷബ്നം എന്ന മുസ്‍ലിം സ്ത്രീ 2024 ജൂലൈ 12ന് വിശാൽ സക്സേന എന്നയാളിൽ നിന്ന് ഒരു ഫ്ലാറ്റ് വാങ്ങി. കോവിഡ് പകർച്ചവ്യാധിയുടെ സമയത്തും രണ്ട് കുടുംബങ്ങളും പരസ്പരം സഹായിച്ചിരുന്നു. ഒരു സൂഫി ആരാധനാലയത്തിനടുത്താണ് ഫ്ലാറ്റ്. അതിനടുത്തായി ചില മുസ്‍ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

എന്നിരുന്നാലും, വാങ്ങിയതിന് തൊട്ടുപിന്നാലെ പ്രാദേശിക ഹിന്ദുക്കൾ ഉടൻ തന്നെ പ്രതിഷേധവുമായെത്തി. മുസ്‍ലിംകൾ ഇവിടേക്ക് താമസം മാറിയാൽ ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല എന്ന തരത്തിലുള്ള ഭീഷണി ഉയർത്തി.

എന്നാൽ, ഷബ്നത്തിന്റെ സഹോദരൻ നസീം ബഷീരിയും ഫ്ലാറ്റിന്റെ യഥാർഥ വിൽപനക്കാരനായ വിശാൽ സക്സേനയും ഫ്ലാറ്റ് വിൽപനയിൽ തങ്ങൾ ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ’പ്രതിഷേധങ്ങൾ’ സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നുണ്ടെന്നും അവർ വാദിച്ചു. ‘ഭൂമി ജിഹാദ്’ നടത്തുന്നുവെന്ന് അവർ ഞങ്ങളോട് ആരോപിച്ചു. മുസ്‍ലിംകൾ ഇവിടെ താമസമാക്കിയാൽ പ്രശ്നമാണെന്നും അവർ പറഞ്ഞു’.
വസ്തു വിറ്റ സക്‌സേന ആ് കുടുംബത്തിനുവേണ്ടി നിലകൊണ്ടു. 2024 ആഗസ്റ്റ് 21 ന് അദ്ദേഹം പൊലീസിന് ഒരു കത്ത് എഴുതി. ഹിന്ദുത്വ സംഘടനകളുമായി സഹകരിച്ച് നാട്ടുകാർ വിൽപ്പനയെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും സാമുദായിക ഐക്യം തകർക്കുന്നതിനായി അയൽപക്കത്തു നിന്ന് ഹിന്ദുക്കളുടെ കൂട്ട കുടിയേറ്റം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നസീമിന്റെ കുടുംബത്തിനെതിരായ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം എഴുതി.

നസീമും കുടുംബവും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. അവർക്ക് ഫ്ലാറ്റിലേക്ക് താമസം മാറാൻ കഴിഞ്ഞിട്ടില്ല. വിൽക്കാൻ മാന്യമായ വില നൽകുന്ന ഒരാളെയും കണ്ടെത്തിയിട്ടുമില്ല.

മുസ്‍ലിംകൾ ഏത് മേഖലയിലാണ്, ഏത് സ്ഥാനത്താണ്, ഏത് സാമൂഹിക പദവിയിലാണ് ജീവിക്കുന്നത് എന്നതുപോലും പരിഗണിക്കാതെ വീട് അന്വേഷിക്കുമ്പോൾ വിവേചനം നേരിടുകയും അവരവരുടെ ഇടത്തിലേക്ക് കൂടുതൽ ചുരുങ്ങുകയും ചെയ്യുന്നുവെന്ന് ഈ സംഭവ കഥകൾ സ്ഥിരീകരിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Govt.Religious Discriminationmuslim discriminationHindutvaland jihad
News Summary - 'No Muslims Allowed': How Hindutva Fuels Housing Discrimination in Uttar Pradesh
Next Story