ജാംനഗർ: ഗുജറാത്തിൽ കടക്കെണിയിൽപെട്ട് ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർധിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ വന്നതോടെ 42 കാരനായ കർഷകൻ തൂങ്ങിമരിച്ചതാണ് ഒടുവിലത്തെ വാർത്ത. മൻസുഖ്ഭായ് ഭട്ട് എന്നയാളാണ് ജീവനൊടുക്കിയത്. മോട്ട വാഗുദാദ് ഗ്രാമത്തിലെ തെൻറ കൃഷിയിടത്തിനടുത്ത മരത്തിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് ജാംനഗർ പൊലീസ് പറഞ്ഞു.
മൻസുഖ് ഭായുടെ പോക്കറ്റിൽനിന്ന് രണ്ടു പേജ് വരുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. തെൻറ നിലത്തിൽ കൃഷിയിറക്കാൻ വിത്തിനങ്ങൾ വാങ്ങാനാവാത്തതിനാലും കൃഷിയിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാത്തതിനാലും ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു അതിൽ എഴുതിയത്. മൃതദേഹം േപാസ്റ്റ്മോർട്ടത്തിനയച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ഭട്ടിെൻറ കുടുംബം.