‘നോ’ എന്നാല്‍ ‘നോ’; ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്ഥിരമല്ല -ബോംബെ ഹൈകോടതി
text_fieldsമുംബൈ: ‘നോ’ എന്നാല്‍ ‘നോ’ തന്നെ, ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ലെന്ന് ബോംബെ ഹൈകോടതി. ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിന് സമ്മതമല്ലെന്നും മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാള്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്നും ബോംബെ ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ നിതില്‍ ബി. സൂര്യവംശി, എം.ഡബ്ല്യു. ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നു തന്നെയാണ് അർഥം. അതില്‍ ഒരു അവ്യക്തതയുമില്ല. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്ന സ്ത്രീ മറ്റെല്ലാ സന്ദര്‍ഭങ്ങളിലും അതേ പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കണമെന്നില്ല.
ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 53എ പ്രകാരം ഒരു സ്ത്രീയുടെ ലൈംഗിക പങ്കാളികളുടെ എണ്ണവുമായി ബന്ധപ്പെട്ടല്ല അവളുടെ സ്വഭാവവും ധാര്‍മികതയുമുള്ളതെന്നും കോടതി പറഞ്ഞു. 2014ൽ ചന്ദ്രപൂരിൽ നടന്ന കൂട്ടബലാത്സംഗത്തിൽ മൂന്ന് പുരുഷന്മാരുടെ ശിക്ഷ ശരിവച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.
പ്രതികളില്‍ ഒരാളുമായി സ്ത്രീക്ക് നേരത്തെ ബന്ധമുണ്ടെന്നും അവളുടെ പെരുമാറ്റം സമ്മതത്തെ സൂചിപ്പിക്കുന്നുവെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ഐ.ടി ആക്ട് എന്നിവ പ്രകാരം പ്രതികൾക്ക് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

