മമത ബാനർജിയും പ്രശാന്ത് കിഷോറും തർക്കമില്ല, ഞങ്ങൾ ഒരു ടീം -തൃണമൂൽ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. തങ്ങളുടെ സഹകരണത്തിൽ വിള്ളലുണ്ടായെന്ന സമീപകാല റിപ്പോർട്ടുകൾ ഊഹങ്ങളും അടിസ്ഥാനരഹിതവുമാണ് എന്ന് പാർട്ടി അറിയിച്ചു.
ഇരുവരും ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും തൃണമൂൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചോ പ്രവർത്തന ബന്ധത്തെക്കുറിച്ചോ ഊഹാപോഹവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിംഗിൽ യാതൊരു ഗുണവുമില്ല.
മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുകയും തുടർന്നും സഹകരിക്കുകയും ചെയ്യും -തൃണമൂൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ മുൻനിര തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഈ വർഷം ആദ്യം നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയോടൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ബംഗാൾ വിജയത്തിന്റെ ക്രെഡിറ്റ് കിഷോർ ഏറ്റെടുക്കുന്നതിനെച്ചൊല്ലി തൃണമൂലിനുള്ളിൽ സംഘർഷമുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

