Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ലോക്​ഡൗൺ ജയിൽ...

‘ലോക്​ഡൗൺ ജയിൽ ജീവിതമേയല്ല’; തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് 14 വർഷം ദുരിതം തിന്ന ആമിറിന്​ പറയാനുള്ളത്​

text_fields
bookmark_border
Mohammad-Aamir-Khan
cancel

ന്യൂഡൽഹി: കോവിഡ്​ മഹമാരിയുടെ സാഹചര്യത്തിൽ ഒരു മാസം കടന്ന്​ മുന്നോട്ട്​ പോകുന്ന ലോക്​ഡൗൺ ജയിൽ ജീവിതം പോലെ ഭീകരമാണെന്ന്​ തോന്നുന്നുണ്ടോ...? അങ്ങനെ ചിന്തിച്ചവരും തമാശക്കെങ്കിലും പറഞ്ഞുപോയവരും നമ്മളിലുണ്ടാവും. എന്നാൽ വീട്ടിൽ ലോക്​ഡൗണിൽ കഴിയുന്നവരോട്​ മുഹമ്മദ്​ ആമിർ ഖാന്​ ചിലത്​ പറയാനുണ്ട്​.  

ഭീകരവാദിയും പാക് ഏജൻറുമായി മുദ്രകുത്തപ്പെട്ട്​ 14 വർഷത്തോളം ജയിലിലില്‍ കിടക്കേണ്ടി വന്ന മുഹമ്മദ് ആമിര്‍ ഖാൻ ത​​​െൻറ ലോക്​ഡൗൺ അനുഭവം വിവരിക്കു​േമ്പാൾ പറയുന്നത്​​ ജയിൽ ജീവിതം ഒരിക്കലും ലോക്​ഡൗൺ പോലെയല്ല എന്നാണ്​​. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ബോംബ് സ്ഫോടന കേസുകളിൽ പ്രതിചേർക്കപ്പെട്ട്​ തീഹാര്‍, ദസന, റോട്ടക് ജയിലുകളിലായി പതിനാല് വര്‍ഷം ദുരിതം തിന്ന് ജീവിക്കേണ്ടി വന്ന ആമിർ ‘ഫ്രെയ്​മ്​ഡ്​ ആസ് എ ടെററിസ്റ്റ്’​ എന്ന പുസ്​തകവും രചിച്ചിരുന്നു.

‘കഴിഞ്ഞ 40 ദിവസങ്ങളായി​ രണ്ട്​ റൂമുകൾ മാത്രമുള്ള എ​​​െൻറ വീട്ടിൽ അടച്ചു പൂട്ടിയിരിക്കുകയാണ്​. എന്നും ജനലരികിൽ നിന്നുകൊണ്ട്​ ഞാൻ സൂര്യ പ്രകാശത്തെയും ഡൽഹിയിൽ വല്ലപ്പോഴും ദൃശ്യമാകുന്ന നീലാകാശത്തെയും നോക്കി പുഞ്ചിരിക്കും. കോവിഡ്​ മഹാമാരിയെ തുടർന്നുള്ള ഇൗ അടച്ചുപൂട്ടലി​​​െൻറ നിശബ്​ദതയും ഏകാന്തതയും ലോകത്തെ മറ്റെല്ലാവരെയും പോലെ എനിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്​. എന്നാൽ, എനിക്ക് ഇതെല്ലാം​ ആദ്യമായിട്ടുള്ള അനുഭവമേയല്ല.

മുമ്പും ഞാൻ ജീവിതത്തെ ഇതുപോലെ പുറത്തേക്ക്​ നോക്കി കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്​​. ആ നോട്ടം​ ജാലകവാതിലിലൂടെ ആയിരുന്നില്ല.. മറിച്ച്​, തിഹാർ ജയിലിലെ ഏകാന്ത തടവിൽ കഴിയവേ അഴികൾക്കുള്ളിലൂടെയായിരുന്നു ഞാൻ ആകാംക്ഷയോടെ പുറത്തേക്ക്​ നോക്കിനിന്നിരുന്നത്​​​. കഴിഞ്ഞ ഒന്നരമാസം എനിക്ക്​ 14 വർഷത്തോളം മൂന്ന്​ ജയിലുകളിലായി ഞാൻ പൂർത്തിയാക്കിയ തടവ്​ ജീവിതത്തി​​​െൻറ ‘റീപ്ലേ’യായിരുന്നു. 

ലോക്​ഡൗൻ പ്രഖ്യാപിച്ചതിന്​ പിന്നാലെ പലയാളുകളും പരാതികളുമായി എത്തിയത്​ കണ്ടു. അവർ ലോക്​ഡൗണിനെ ജയിൽ ജീവിതവുമായാണ്​ താരതമ്യം ചെയ്യുന്നത്​. എന്നാണ്​ ഞങ്ങൾ സ്വതന്ത്രരാവുക? എപ്പോഴാണ്​ കുടുംബങ്ങളെയും സുഹൃത്തുക്കളെയും നേരിൽ കാണാൻ സാധിക്കുക? വീട്ടിൽ നാല്​ ചുവരുകൾക്കിടയിൽ ശ്വാസം മുട്ടുന്നു​... തുടങ്ങിയ സന്ദേഹങ്ങളാണ്​ അവർ എന്നോട്​ പങ്കുവെക്കുന്നത്​​. എന്നാൽ, തടവ്​ എന്ന പ്രയോഗത്തെ ഇതുമായി ചേർത്തുപറയാൻ എനിക്ക്​ സാധിക്കില്ല.

രാജ്യത്തെ മൂന്ന്​ ജയിലുകളിലായായിരുന്നു എ​​​െൻറ 14 വർഷത്തെ ജീവിതം. ഡൽഹിയിലെ തിഹാർ സെൻട്രൽ ജയിൽ, ഗാസിയാബാദിലെ ദസന ജില്ലാ ജയിൽ, റോട്ടക്​ ജില്ലാ ജയിൽ എന്നിവിടങ്ങളിലായി 1998 മുതൽ 2012 വരെ. 19ാം വയസിൽ നിയമ വിരുദ്ധമായി എന്നെ തടവിലാക്കി. ഭീകരാവാദിയെന്നാരോപിച്ചായിരുന്നു ശിക്ഷ. ജയിലിൽ പിന്തുടർന്ന രീതികൾ പോലെ തന്നെ ഞാൻ ഇപ്പോഴും ഹസ്​തദാനം നൽകലും ആശ്ലേഷിക്കലും എല്ലാം ഒഴിവാക്കുകയാണ്​. ജയിൽ നിയമങ്ങൾ പിന്തുടരുന്നതല്ല. മറിച്ച്​, വൈറസ്​ പടരുന്നത്​ ഇല്ലാതാക്കാനാണ്​. 

ലോക്​ഡൗൺ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക്​​ പുറത്തുപോകാൻ അനുവാദം നൽകുന്നത്​ പരോൾ അനുവദിക്കുന്നത്​ പോലെയാണ്​ എനിക്ക്​ തോന്നുന്നത്​. എല്ലാ തടവുകാർക്കും അത്​ ലഭ്യമല്ലെങ്കിൽ കൂടി. മുറിക്കാതെ അല​േങ്കാലമായി ഇരിക്കുന്ന മുടിയും താടിയുമൊക്കെ എ​​​െൻറ ജയിൽ ജീവിതത്തി​​​െൻറ ഒാർമകളിലേക്കാണ്​ തിരികെ കൊണ്ടുപോകുന്നത്​. ലോക്​ഡൗണിനെ തടവ്​ ജീവിതവുമായി താരതമ്യം ചെയ്യുന്നവരോട്​... ഇത്​ ഒരിക്കലും ഒരു തടവല്ല.. മനുഷ്യാത്മാവിനെ തടവ്​ ജിവിതം കൊല്ലുന്നത്​ പോലെ മറ്റൊന്നും കൊല്ലുന്നില്ല....

വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന നാം കുടുംബത്തോടൊപ്പം സുഖവും ദുഃഖവും പങ്കുവെച്ചാണ്​ മുന്നോട്ടുപോകുന്നത്​. ജയിൽ ഒരിക്കലും നിങ്ങൾക്ക്​ കുടുംബമെന്ന ആഡംബരം അനുവദിക്കില്ല. ആഴ്​ച്ചയിൽ ഒന്നോ രണ്ടോ തവണയാണ്​ നിങ്ങളെ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുക. അതും ഒരു സ്വകാര്യതയും ഇല്ലാതെ 100 കണക്കിന്​ സഹതടവുകാരുടേയും പൊലീസുകാരുടെയും ബഹളമയത്തിന്​ നടുവിലൂടെ. നിങ്ങളും കുടുംബവും തമ്മിൽ ഒരു മീറ്ററകലത്തിൽ. സ്വന്തം രക്​തത്തെ ഒന്നടുത്ത്​ കാണാൻ കഴിയാതെ, അവരെ തൊടാനും കെട്ടിപ്പിടിക്കാനും മടുക്കുവോളം കരയാനും കഴിയാതെ... സ്​നേഹിക്കുന്നവരുടെ സാന്ത്വനമേകുന്ന സ്​പർശനം പോലും നിഷേധിച്ച്​ 14 വർഷം..

ഇപ്പോൾ നമുക്ക്​ ജനൽ തുറക്കാനുള്ള ആഡംബരമുണ്ട്​​... അതിലൂടെ നീലാകാശവും നക്ഷത്രങ്ങളും കാണാം. ജയിലിൽ ഞാൻ 14 വർഷത്തോളം നക്ഷത്രങ്ങളെ കണ്ടി​േട്ടയില്ല... (ഇതിനെയെല്ലാം ഞാൻ ആഡംബരം എന്ന്​ വിശേഷിപ്പിക്കുന്നതിന്​ കാരണം​, നമ്മുടെ പൗരൻമാരിൽ, വീടില്ലാത്തവരും കുടിയേറ്റ തൊഴിലാളികളുമുണ്ട്​. അവരിൽ പലർക്കും ഒരു ദിവസം രണ്ട്​ നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്​.)

ഇൻർനെറ്റ്​ എന്ന ആഡംബരവും ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിലുണ്ട്​​. അതുപയോഗിച്ച്​ സുഹൃത്തുക്കളുമായി സല്ലപിക്കാം. ലോകവിവരങ്ങൾ അറിയാം. ജയിലിൽ നിങ്ങൾക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ല. അവിടെ കൂട്ടിനുള്ളത്​ നിരന്തരമായ നിരാശ മാത്രമാണ്​. കോടതിയിലേക്ക്​ പോകുന്നതിനും പഴയ ജീവിതത്തിലേക്ക്​ എത്തുന്നതിനുമുള്ള കാത്തിരിപ്പാണ്​ അവിടെ നമ്മെ മുന്നോട്ട്​ നയിക്കുക.

മനുഷ്യത്വ രഹിതമായ ഏകാന്ത തടവ്​ ഇപ്പോഴും നമ്മുടെ ജയിൽ സിസ്റ്റത്തി​​​െൻറ ഭാഗമാണ്​. ഏകാന്ത തടവിൽ​ ഒരു മനുഷ്യ​​​െൻറ അടിസ്ഥാന അവകാശമായ സഹജീവികളുമായുള്ള സമ്പർക്കം പോലും നിഷേധിക്കും. 8x6 അടി മാത്രം വലിപ്പമുള്ള തടവറയിൽ മറ്റ്​ തടവുകാരുമായി ഒരുപാട്​ അകലെയായിരിക്കും ഏകാന്ത തടവുകാരുടെ ജീവിതം. അവരുമായി സമ്പർക്കം പുലർത്താൻ യാതൊരു അവകാശവും അവിടെ ലഭിക്കില്ല. ദിവസം രണ്ട്​ മണിക്കൂർ മാത്രമാണ്​ പുറത്തുപോകാൻ സാധിക്കുക. ഭക്ഷണവും ഉറക്കവും കുളിയും മറ്റ്​ പ്രാഥമിക കർമ്മങ്ങളുമെല്ലാം ആ ഇടുങ്ങിയ മുറിയിൽ. ഏകാന്ത തടവ്​ നിങ്ങളെ ആരോഗ്യ പ്രശ്​നങ്ങളിലേക്കും ഉത്​കണ്​ഠ, വിഷാദ രോഗം, ആത്മഹത്യാ പ്രവണത  തുടങ്ങിയ അവസ്ഥകളിലേക്കും നയിച്ചില്ലെങ്കിൽ അത്​ അദ്​ഭുതമാണ്​. 

ഇൗ ലോക്​ഡൗൺ ഒരിക്കലും ഒരു ജയിൽ ജീവതമല്ല. നമ്മൾ ഇപ്പോഴുള്ളത്​ ജയിലിലുമല്ല. കോവിഡ്​ പോലുള്ള മഹാ രോഗത്തി​​​െൻറ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കലും വീട്ടിലിരിക്കലും പോലുള്ള മാനദണ്ഡങ്ങൾ അനുസരിക്കാൻ നിങ്ങളോട്​ ആവശ്യപ്പെടുക മാത്രമാണ്​ ചെയ്​തിരിക്കുന്നത്​. 

​െഎസൊലേഷ​​​െൻറ ബുദ്ധിമുട്ടുകൾ നമുക്കെല്ലാം മനസിലായ സ്ഥിതിക്ക്​ നമ്മുടെ ജയിൽ സംവിധാനങ്ങൾ കൂടുതൽ മാനുഷികമാക്കാൻ ഇനി​ പരിശ്രമിക്കണം. നടക്കാനും നീങ്ങാനും കുറഞ്ഞ ഇടംമാത്രമെന്ന്​ പരിതപിക്കു​േമ്പാൾ നമുക്ക് ഏകാന്ത തടവിൽ കഴിയുന്നവരുടെ അവസ്ഥ കൂടി​ ഒാർക്കാൻ സാധിക്കണം. ഇന്ത്യയിലെ ജയിൽ രീതികളും പ്രവർത്തനങ്ങളും ഇപ്പോഴും കൊളോണിയൽ രീതിയിലാണ്​ മുന്നോട്ട്​ പോകുന്നത്​. മനുഷ്യ​​​െൻറ പുനരധിവാസത്തിന്​ അവിടെ യാതൊരു മാർഗവുമില്ല. ഇൗ രീതി മാറ്റിപ്പണിയേണ്ടത്​ അനിവാര്യമാണ്​. ഒരിക്കലും അത്​ നീട്ടിവെക്കാൻ പാടില്ല. ഇൗ ലോക്​ഡൗൺ നമ്മെ അത്​ പഠിപ്പിക്കും എന്ന്​ കരുതുന്നു.

‘ദി പ്രിൻറ്​​’ എന്ന ന്യൂസ്​ പോർട്ടലിൽ പ്രസിദ്ധീകരിച്ചത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tihar jaillockdownlock downMohammad Aamir Khan
News Summary - No, lockdown isnt like a prison. I was in Tihar, Dasna and Rohtak Jails for 14 years-india news
Next Story