കോവിഡ് 19 വാക്സിൻ അകാല ഹൃദയാഘാതമുണ്ടാക്കുമോ? ഇല്ലെന്ന് കർണാടകയിലെ മെഡിക്കൽ വിദഗ്ധർ
text_fieldsബംഗളൂരു: കോവിഡ് 19 വാക്സിനെടുത്തവരിൽ അകാലത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കില്ലെന്ന് കർണാടകയിലെ വിദഗ്ധ സമിതി. കർണാടകയിൽ സമീപകാലത്ത് നടന്ന ഹൃദയാഘാത മരണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ആ സമിതിയാണ് ഇപ്പോൾ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, കോവിഡ് 19 വാക്സിൻ ദീർഘകാലാടിസ്ഥാനത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും പാനലിന്റെ റിപ്പോർട്ടിൽ പറയുന്നു. 2025 ഏപ്രിൽ ഒന്നിനും 2025 മെയ് 31നും ഇടയിൽ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയ 45 വയസിന് താഴെയുള്ള 251 രോഗികളെ നിരീക്ഷിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്.
കർണാടകയിലെ ഹാസൻ ജില്ലയിൽ ഹൃദയാഘാതം മൂലം 20ലേറെ ആളുകൾ മരിച്ചിരുന്നു. ഇതെ കുറിച്ച് അന്വേഷിക്കാനാണ് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചത്. ജൂലൈ രണ്ടിന് സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ വർധിപ്പിക്കും എന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സമിതിയുടെ നിരീക്ഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതു സംബന്ധിച്ച് നടത്തിയ പഠനത്തിലും കോവിഡ് വാക്സിനേഷനും പെട്ടെന്നുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നില്ല. ഹൈപർ ടെൻഷൻ, പ്രമേഹം, പുകവലി എന്നിവയുടെ വർധനവാണ് യുവാക്കളിൽ പെട്ടെന്നുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ വർധിപ്പിക്കുന്നത്. ഹാസൻ ജില്ലയിലെ ഹൃദയാഘാത മരണങ്ങൾക്ക് വാക്സിനേഷൻ ഡ്രൈവുമായി ബന്ധമുണ്ടാകാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടിരുന്നു. വാക്സിനുകൾക്ക് തിടുക്കത്തിൽ അംഗീകാരം ലഭിച്ചത് സംശയം ജനിപ്പിക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, കോവിഡിന് ശേഷം ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നുണ്ടെങ്കിലും ജനിതകവും പാരമ്പര്യവുമായ ഘടകങ്ങളാണ് ഇതിന് കാരണമെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

