സി.ബി.ഐ ഉദ്യോഗസ്ഥർ താടിവെക്കരുത്; ജീൻസും ടീഷർട്ടും വിലക്കി
text_fieldsന്യൂഡൽഹി: സി.ബി.ഐ ഉദ്യോഗസ്ഥർ താടിവെക്കുന്നതും ജീൻസും ടി ഷർട്ടും ധരിച്ച് ഓഫിസിൽ എത്തുന്നതും വിലക്കി പുതിയ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിെൻറ ഉത്തരവ്. സ്പോർട്സ് ഷൂ അടക്കമുള്ള മറ്റ് കാഷ്വൽ വേഷങ്ങളും പാടില്ല. സി.ബി.ഐ ഓഫിസർമാർക്കു പുറമെ എല്ലാ ജീവനക്കാർക്കും നിർദേശം ബാധകം. പാൻറ്, ഷർട്ട്, ഷൂ എന്നിങ്ങനെ ഔപചാരിക വേഷം മാത്രമേ പാടുള്ളൂ. ക്ലീൻ ഷേവ് ചെയ്യണം. വനിത ജീവനക്കാർ സാരിയും ബ്ലൗസും ധരിക്കണം. ഓഫിസിൽ ഔദ്യോഗികമായ രീതികൾമാത്രം. രാജ്യമെങ്ങുമുള്ള സി.ബി.ഐ ഓഫിസുകൾക്ക് ഉത്തരവ് ബാധകമാണ്. നിർദേശം കർക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ ബ്രാഞ്ച് മേധാവികളോടും ഡയറക്ടർ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ജയ്സ്വാൾ ചുമതലയേറ്റത്.

