കിയവിൽ ഒരു ഇന്ത്യക്കാരനും ശേഷിക്കുന്നില്ല, മൂന്ന് ദിവസങ്ങളിൽ 26 ഒഴിപ്പിക്കൽ വിമാനങ്ങൾ അയക്കും -കേന്ദ്രം
text_fieldsറഷ്യൻ അധിനിവേശം ശക്തമായ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ഒരു ഇന്ത്യക്കാരൻ പോലും ശേഷിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. യുക്രെയ്ന്റെ അയൽ രാജ്യങ്ങളിൽ എത്തിയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ 26 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് എന്നിവക്ക് പുറമെ പോളണ്ടിലെയും സ്ലോവാക് റിപ്പബ്ലിക്കിലെയും വിമാനത്താവളങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ സൈനിക നടപടി രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് കിയവിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടുകയും ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഒരു ഇന്ത്യൻ പൗരനും നഗരത്തിൽ അവശേഷിക്കുന്നില്ലെന്നും ശ്രിംഗ്ല പറഞ്ഞു.
'മിഷൻ ഗംഗ' പദ്ധതികൾക്ക് കീഴിൽ മാർച്ച് എട്ടുവരെ 46 വിമാനങ്ങളുണ്ട്. അതിൽ 29 എണ്ണം ബുക്കാറെസ്റ്റിൽ നിന്നും 10 എണ്ണം ബുഡാപെസ്റ്റിൽ നിന്നും ആറ് പോളണ്ടിലെ റസെസോവിൽ നിന്നും ഒരെണ്ണം സ്ലൊവാക്യയിലെ കോസിസിൽ നിന്നും പുറപ്പെടും. ബുക്കാറെസ്റ്റിൽ നിന്ന് വ്യോമസേന ഒരു വിമാനം സർവീസ് നടത്തും.
രാജ്യം വിടണമെന്ന് സർക്കാർ ആദ്യ നിർദേശം പുറപ്പെടുവിക്കുമ്പോൾ യുക്രെയ്നിൽ ഏകദേശം 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അതിൽ 12,000 പേർ യുക്രെയ്ൻ വിട്ടു -വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ബാക്കിയുള്ളവരിൽ പകുതിയും ഖാർകിവ്, സുമി പ്രദേശങ്ങളിലെ സംഘർഷമേഖലയിൽ തുടരുകയാണ്. ബാക്കി പകുതി ഒന്നുകിൽ യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ എത്തിയിരിക്കുന്നു. അല്ലെങ്കിൽ അതിർത്തികളിൽ എത്തിയിരിക്കുന്നു. അവർ പൊതുവെ സംഘർഷ മേഖലകളിൽ നിന്ന് പുറത്താണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

