‘ഇംപീച്ച്‌മെന്റ് നടപടിയിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല’: ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹരജി തള്ളി സുപ്രീംകോടതി
text_fieldsസുപ്രീംകോടതി, ജസ്റ്റിസ് യശ്വന്ത് വർമ
ന്യൂഡൽഹി: തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ലോക്സഭാ സ്പീക്കർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സമിതി രൂപീകരണത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എസ്.സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
സമിതി രൂപീകരണത്തിൽ സ്പീക്കർക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ജസ്റ്റിസ് വർമക്ക് ആശ്വാസകരമായ വിധി നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായപ്പോൾ അവിടെനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ അന്വേഷണം ആരംഭിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയിട്ടും ലോക്‌സഭാ സ്പീക്കർ അന്വേഷണ സമിതിയുമായി മുന്നോട്ട് പോയത് തെറ്റാണെന്നായിരുന്നു ജസ്റ്റിസ് വർമയുടെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നോട്ടീസ് എം.പിമാർ രാജ്യസഭയിലും ലോക്സഭയിലും നൽകിയെങ്കിലും രാജ്യസഭാ ചെയർമാൻ പ്രമേയം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് കാത്തുനിൽക്കാതെ ലോക്സഭാ സ്പീക്കർ ഓം ബിർള ഏകപക്ഷീയമായി കമ്മിറ്റി രൂപവത്കരിച്ചുവെന്നും ജഡ്ജസ് എൻക്വയറി നിയമത്തിലെ സെക്ഷൻ 3(2) ന്റെ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഈ നടപടിയെന്നും ജസ്റ്റിസ് വർമ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി കൊളീജിയം നേരത്തെ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. നിലവിൽ അലഹബാദ് ഹൈകോടതി ജഡ്ജിയായ യശ്വന്ത് വർമയെ നേരത്തെ ഡൽഹി ഹൈകോടതിയിൽനിന്ന് സ്ഥലം മാറ്റിയിരുന്നു.
ഡൽഹി ഹൈകോടതി ജഡ്ജിയായിരിക്കേ, 2025 മാർച്ച് 14ന് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കത്തിക്കരിഞ്ഞ നോട്ടുകൂമ്പാരം കണ്ടെത്തിയത്. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാർ, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണാടക ഹൈകോടതി അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് ലോക്സഭ സ്പീക്കർ പ്രഖ്യാപിച്ച അന്വേഷണ സമിതിയിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

