Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘തിരിച്ചറിയൽ രേഖ...

‘തിരിച്ചറിയൽ രേഖ ഇല്ലെങ്കിൽ പ്രവേശനമില്ല’; പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം നിയന്ത്രിക്കാൻ കർശന നടപടികളുമായി കർണാടക

text_fields
bookmark_border
Karnataka moves to curb underage drinking
cancel

ബംഗളൂരു: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവരുടെ മദ്യ ഉപയോഗം കുറക്കുന്നതിന് നടപടികൾ കർശനമാക്കി കർണാടക സർക്കാർ. ബാറുകൾ, പബുകൾ, ബ്രൂവറികൾ, ക്ലബുകൾ തുടങ്ങിയ മദ്യവിൽപന കേന്ദ്രങ്ങളിൽ പ്രായപരിശോധന നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. മദ്യശാലകളിലേക്ക് പ്രവേശിക്കുന്നവർക്ക് പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ നിർബന്ധമാണെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പൊലീസിന് നിർദേശം നൽകി.

പ്രായപൂർത്തിയാകാത്തവർക്കിടയിലെ മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും തടയുന്നതിന്റെ ഭാഗമായാണ് നടപടി. ‘പ്രായം തെളിക്കുന്ന തിരിച്ചറിയൽ രേഖ ഇല്ലെങ്കിൽ പ്രവേശനമില്ല’ എന്ന നയമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പ്രായം തെളിയിക്കുന്ന രേഖ പരിശോധിക്കാതെ ആരെയും പബുകളിലേക്കോ ബാറുകളിലേക്കോ പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം.

ബംഗളൂരുവിലെ വിദ്യാർഥികൾക്കിടയിൽ മദ്യ-പുകയില ഉപയോഗം വർധിക്കുന്നതായി കണ്ടെത്തിയ പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ. വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ 4,000ത്തിലധികം വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ മൂന്നിൽ ഒരാൾക്ക് മദ്യമോ പുകയില ഉപയോഗമോ മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. പഠനത്തിൽ ഏകദേശം 33 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 18 ശതമാനം പേർ പുകയിലക്ക് അടിമകളാണ്. ഈ കണക്കുകൾ സംസ്ഥാന, ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണെന്നും പഠനം സൂചിപ്പിക്കുന്നു. പഠനത്തിൽ വിവരങ്ങൾ ശേഖരിച്ചവരുടെ ശരാശരി പ്രായം 17 വയസ്സാണെന്നും ചിലർ എട്ട് വയസ് മുതൽ മദ്യം കഴിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇത് വെറുമൊരു ലൈസൻസിങ് പ്രശ്നമല്ലെന്നും യുവാക്കളുടെ സുരക്ഷയും പൊതുജനാരോഗ്യ പ്രശ്നവുമാണെന്നും മന്ത്രി പറഞ്ഞു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുകയോ അവരുടെ മദ്യപാനത്തിന് സാഹചര്യമൊരുക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്കും മാനേജർമാർക്കും ലൈസൻസ് ഉടമകൾക്കും കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മദ്യവിൽപന ശാലകളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമായി നിലനിർത്തണമെന്നും ദൃശ്യങ്ങൾ നിശ്ചിത കാലയളവിലേക്ക് സൂക്ഷിക്കുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.

പരിശോധനകൾ ശക്തമാക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രക്ഷിതാക്കൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുമായി സഹകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും സർക്കാർ അറിയിച്ചു. കർണാടകയിൽ നിയമപരമായ മദ്യം കഴിക്കാനുള്ള പ്രായം 21 വയസ്സാണ്. പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനത്തിനും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനും യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനം കർണാടക സ്വീകരിക്കുമെന്നും വാണിജ്യ താൽപര്യങ്ങൾക്കായി യുവാക്കളുടെ ആരോഗ്യം, സുരക്ഷ, ഭാവി എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakaliquordrinkingkarnataka home ministerPriyank kharge
News Summary - No ID no entry Karnataka moves to curb underage drinking
Next Story