ഐ.സി.യു ഇല്ല, ഡോക്ടർമാരില്ല, ഒറ്റ കിടക്കയിൽ ഒന്നിലധികം രോഗികൾ; ബിഹാർ സന്ദർശിക്കുന്ന മോദിയോട് ഗവ.മെഡിക്കൽ കോളജും സന്ദർശിക്കാൻ തേജസ്വി യാദവ്
text_fieldsപട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിന് മുന്നോടിയായി പൂർണിയയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ പങ്കുവെച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. നേരിട്ട് ആശുപത്രിയിലെത്തി പരിശോധന നടത്തിയ തേജസ്വി ബിഹാറിലെ എൻ.ഡി.എ സർക്കാറിനെ നഖശിഖാന്തം വിമർശിച്ചു.
സർക്കാറിനെ ‘ഇരട്ട ജംഗ്ൾ രാജ്’ എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ്, മോദിയോട് മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പൂർണിയയിലെ ജി.എം.സി.എച്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ടു.
ഐ.സി.യു ഇല്ല, ഒറ്റ കിടക്കയിൽ ഒന്നിലധികം രോഗികൾ, ഒഴിഞ്ഞുകിടക്കുന്ന ഡോക്ടർമാരുടെ തസ്തികകൾ എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയെ കഴിവുകെട്ടവനും വായാടിയുമായ നേതാവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
‘ഇന്നലെ രാത്രി പൂർണിയയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപ്രതീക്ഷിത പരിശോധന നടത്തി. എൻ.ഡി.എയുടെ 20 വർഷത്തെ ഭരണത്തിൻ കീഴിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പരിതാപകരമായ അവസ്ഥയുടെ ഒരു നേർക്കാഴ്ച ഈ വിഡിയോയിൽ കാണാം’ -ആശുപത്രിക്കുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് തേജസ്വി ‘എക്‌സി’ൽ എഴുതി.
ഈ അവസ്ഥ ഏതെങ്കിലും ജില്ലാ ആശുപത്രിയിലെയോ, കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെയോ, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയോ അല്ല, മറിച്ച് മെഡിക്കൽ കോളജ് എന്ന് വിളിക്കപ്പെടുന്നതിന്റെയാണ്. അടിസ്ഥാന യാഥാർഥ്യത്തെക്കുറിച്ച് മനസ്സിലാക്കുക, ഈ വിനാശകാരിയായ സർക്കാറിന്റെ കഴിവുകെട്ട, വായാടിയായ ആരോഗ്യമന്ത്രിയെ നിങ്ങളുടെ ഗതികേട് അറിയിക്കുക’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ ഐ.സി.യു, ഓപറേഷൻ തിയേറ്റർ, ട്രോമ സെന്റർ, കാർഡിയോളജി വകുപ്പ് എന്നിവയില്ലെന്നും ടോയ്‌ലറ്റുകൾ ആവശ്യത്തിനില്ലെന്നും ഉള്ളവ വൃത്തിഹീനവുമാണെന്നും ആർ.ജെ.ഡി നേതാവ് ചൂണ്ടിക്കാട്ടി. ഒന്നിലധികം രോഗികളെ ഒറ്റ കിടക്കകൾ പങ്കിടാൻ നിർബന്ധിതരാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
15-20 ദിവസങ്ങൾക്കുശേഷവും രോഗികളുടെ ബെഡ്ഷീറ്റുകൾ മാറ്റുന്നില്ല. ഓർത്തോപീഡിക് പ്രശ്നങ്ങളുള്ള രോഗികൾക്കും വൈകല്യവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്കും വേണ്ടിയുള്ള ടോയ്‌ലറ്റുകൾ രണ്ടടി ഉയരത്തിലാണ്. ഒട്ടും ശുചിത്വമില്ല.
മൂന്ന് ഷിഫ്റ്റുകളിലായി 55 നഴ്‌സുമാർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. 80 ശതമാനം ഡോക്ടർമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. മെഡിക്കൽ ഇന്റേണുകൾക്ക് ആറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂർണിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി ബീഹാർ സന്ദർശിക്കുന്നത്. ശിഷാബരി ഗ്രാമത്തിൽ ഒരു റാലിയെയും അഭിസംബോധന ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

