Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വെറുപ്പില്ല,...

‘വെറുപ്പില്ല, ഭയവുമില്ല; അക്രമികൾക്ക്​ വേണ്ടി പ്രാർഥിക്കുന്നു’ വേദനയിലും മനംതുറന്ന്​ സുബൈർ

text_fields
bookmark_border
‘വെറുപ്പില്ല, ഭയവുമില്ല; അക്രമികൾക്ക്​ വേണ്ടി പ്രാർഥിക്കുന്നു’ വേദനയിലും മനംതുറന്ന്​ സുബൈർ
cancel

ന്യൂഡൽഹി: ‘ഞാൻ തെറ്റുകാരനല്ലാത്തതിനാൽ ഒട്ടും ഭയമില്ല. എന്നെ അക്രമിച്ചവരോട്​ വെറുപ്പുമില്ല. അവർക്ക്​ മനുഷ്യത്വം ഉണ്ടാവാൻ പ്രാർഥിക്കുന്നു’ സുബൈർ ഇതുപറയു​േമ്പാൾ അഭിമുഖം നടത്തുന്ന മാധ്യമ പ്രവർത്തക ബർഖ ദത്തി​​െൻറ കണ്ണ്​ നിറഞ്ഞു.

വിശ്വസിക്കാനാവാതെ അവർ വീണ്ടും വീണ്ടും ചോദിച്ചപ്പോഴും സുബൈറി​​െൻറ നിലപാടിൽ മാറ്റമില്ല. ‘എനിക്കാരോടും വെറുപ്പില്ല. തെറ്റുചെയ്യുന്നവർക്ക്​ മാപ്പു നല്‍കാനാണ് ഇസ്​ലാമും എ​​െൻറ പ്രവാചകന്‍ മുഹമ്മദ് നബിയും പഠിപ്പിച്ചത്. അവരുടെ മനസ്സുകളിലുള്ള പകയും വിദ്വേഷവും മാറ്റി സ്‌നേഹം നിറക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാർഥിക്കും’ -സുബൈര്‍ മനം തുറന്നു.

മുഹമ്മദ്​ സുബൈറിനെ അക്രമികൾ വളഞ്ഞിട്ട്​ മർദിക്കുന്നു. റോയിട്ടേഴ്‌സ്​ ഫോട്ടോഗ്രാഫര്‍ ഡാനിഷ്​ സിദ്ധീഖി പകര്‍ത്തിയ ചിത്രം

ഓർമയില്ലേ മുഹമ്മദ് സുബൈറിനെ? ഡല്‍ഹിയിലെ സംഘ്​പരിവാർ ഭീകരതയുടെ ക്രൗര്യം മുഴുവൻ പ്രതിഫലിക്കുന്ന ചിത്രത്തിലെ ഇര. കണ്ടാവെയെല്ലാം പിടിച്ചുലച്ച, റോയിട്ടേഴ്‌സി​​െൻറ ഫോട്ടോഗ്രാഫര്‍ ഡാനിഷ്​ സിദ്ധീഖി പകര്‍ത്തിയ ആ ഫോ​ട്ടോ ഡൽഹി വംശഹത്യയുടെ ആഴം ലോകത്തെ അറിയിക്കുന്നതായിരുന്നു.

ഇരുമ്പ്​ ദണ്ഡും മരക്കഷ്​ണങ്ങളും ഉപയോഗിച്ചാണ്​​ പേ പിടിച്ചവരെ പോലെ സംഘ്​പരിവാറുകാർ 37കാരനായ അദ്ദേഹത്തെ വളഞ്ഞിട്ട്​ തല്ലിയത്​. വിയറ്റ്‌നാം യുദ്ധവേളയിൽ നിക്ക് ഊട്ട്​ പകർത്തിയ മറക്കാനാകാത്ത ചിത്രമായ ‘നാപാം പെൺകുട്ടി’ കിം ഫുകിനെ പോലെ, ഡൽഹി വംശഹത്യയുടെ മറക്കാനാവാത്ത ചിത്രമായി​ സുബൈർ.

മക്കൾക്കുള്ള ഹൽവയായിരുന്നു കൈയ്യിൽ
‘ഈദ്​ഗാഹിന്​ സമീപം കിട്ടുന്ന ആ ഹൽവയും പൊറോട്ടയും ഏറെ പേരുകേട്ടതല്ലേ. എ​​െൻറ വീട്ടുകാർക്ക്​ ഇഷ്​ടപ്പെട്ടതാണത്. അതായിരുന്നു എ​​െൻറ കൈയ്യിൽ​’ സുബൈർ അന്നേദിവസം ഓര്‍ത്തെടുത്തു.

തിങ്കളാഴ്​ച ഈദ്​ഗാഹ്​ മൈതാനിയിൽ നടക്കുന്ന പ്രാർഥനാ സംഗമത്തിന്​ പോയി വരു​േമ്പാഴായിരുന്നു സുബൈറിനെ സംഘ്​പരിവാർ അക്രമികൾ വളഞ്ഞിട്ട്​ തല്ലിയത്​. ‘ചെറുപ്പം മുതൽ അവിടെ പോകാറുണ്ട്​. സന്തോഷത്തോടെയാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. അവിടെ നിന്ന് വാങ്ങുന്ന ഹല്‍വയും പൊറോട്ടയും ദഹി വടയുമൊക്കെ വാങ്ങി ​ൈകയ്യില്‍ പിടിച്ചിരുന്നു’- സുബൈര്‍ പറഞ്ഞു.

മുഹമ്മദ്​ സുബൈർ കുടുംബത്തോടൊപ്പം

കുറി തൊട്ട ഭക്​തൻ പറഞ്ഞത​ല്ലേ, വിശ്വസിച്ചു പോയി
‘ചാന്ദ് ബാഗിലേക്കാണ് പോകേണ്ടത്. വരുന്ന വഴി ഖജൂരിയില്‍ ബഹളം കേട്ടു. ഭജന്‍ പുര വഴി പോകാമെന്നു വെച്ചു. അവിടം ആളൊഴിഞ്ഞു കിടന്നിരുന്നു. പെട്ടെന്ന് കുറച്ചകലെ ആള്‍കൂട്ടത്തെ കണ്ടു. അപ്പോഴും ഭീതിയൊന്നും തോന്നിയില്ല. ആരും ഒന്നും പറഞ്ഞിരുന്നുമില്ല. എങ്കിലും എന്തോ അസാധാരണത്വം അനുഭവപ്പെട്ടു.

സബ് വേ വഴി ഇറങ്ങി മുന്നോട്ടു പോകു​േമ്പാൾ നെറ്റിയില്‍ കുറിയൊക്കെ തൊട്ട ഭക്​തൻ എനിക്ക്​ മറ്റൊരു വഴി കാണിച്ചുതന്നു. സബ് വേ വഴി ഇപ്പോള്‍ പോകേണ്ട, അപകടമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസിയല്ലേ പറയുന്നത്​; എനിക്ക്​ സംശയം തോന്നിയില്ല. രക്ഷിക്കാന്‍ പറയുന്നതാണെന്നേ വിചാരിച്ചുള്ളൂ. മറ്റൊരാളായിരുന്നെങ്കില്‍ ഞാന്‍ സംശയിച്ചേനെ’ -താൻ അക്രമികളുടെ കൈയിലേക്ക്​ എത്തിപ്പെട്ടതെങ്ങനെയെന്ന്​ സുബൈർ വിശദീകരിച്ചു.

‘അയാള്‍ പറഞ്ഞ വഴിയിലൂടെ കുറച്ച്​ മുന്നോട്ട്​ പോയപ്പോൾ ആയുധങ്ങളുമായി വലിയൊരു ആള്‍ക്കൂട്ടം. തിരിഞ്ഞു നടക്കാൻ വിചാരിച്ചെങ്കിലും അപ്പോഴേക്കും എന്നെ കണ്ടിരുന്നു. എനിക്കുനേരെ അവർ പാഞ്ഞടുത്തു. നിങ്ങളെന്താണ് എന്നെ ചെയ്യുന്നത്​, ഞാന്‍ നിങ്ങളോട് എന്തെങ്കിലും ചെയ്‌തോ എന്ന്​ ചോദിക്കു​േമ്പാ​ഴേക്കും ആരോ പിടിച്ചു തള്ളിയിട്ടു.

പിന്നെ വടിയും വാളും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും മർദനം തുടങ്ങി. ആരോ വാളു കൊണ്ട് വെട്ടി. തലക്കാണ് വെട്ടേറ്റത്. മുഴുവനായും കൊണ്ടില്ല. അക്രമികള്‍ ജയ്ശ്രീറാം വിളിക്കുന്നുണ്ടായിരുന്നു. മുല്ലയെ അടിക്കൂ എന്നും മറ്റുമായിരുന്നു ആക്രോശം. ഞാൻ മണ്ണിൽ തലകുമ്പിട്ടിരുന്നു’ -സുബൈർ ആ ഭീകര നിമിഷങ്ങൾ ബർഖ ദത്തിനുമുന്നിൽ വിവരിച്ചു.

ആ ഫോ​ട്ടോ നിങ്ങൾ കാണേണ്ടെന്ന്​ ഭാര്യ പറഞ്ഞു
മാനസം കല്ലു​െകാണ്ടല്ലാത്തതായുള്ള മാനവരുടെയൊക്കെ കരളലിയിപ്പിക്കുന്നതായിരുന്നു സുബൈറിനെ മർദിക്കുന്ന ചിത്രം. പുലിറ്റ്​സർ പ്രൈസ്​ ജേതാവായ ഡാനിഷ്​ സിദ്ധീഖി പകർത്തിയ ആ ചിത്രം കണ്ട്​ ലോകം മുഴുവൻ ഞെട്ടിത്തരിച്ചു. എന്നാൽ, ആ ഫോ​ട്ടോകൾ സുബൈർ മാത്രം ഇതുവരെ കണ്ടിട്ടില്ല.

അഭിമുഖത്തിനിടെ അതേക്കുറിച്ച്​ ബർഖ ദത്ത്​ ചോദിച്ചപ്പോൾ വളരെ നിഷ്​കളങ്കമായി അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ആ ചിത്രം ഇതുവരെ കണ്ടിട്ടില്ല. ഭാര്യയും കുടുംബവുമൊക്കെ കണ്ടിരുന്നു. ഭീകരമാണെന്ന് പറഞ്ഞു കേട്ടു. നിങ്ങളൊരിക്കലും അത് കാണരുതെന്ന് അവളെന്നോട് പറയുകയും ചെയ്തു’.

മർദനത്തിന്​ ശേഷം അവര്‍ എൻെറ കൈയും കാലും തൂക്കിപ്പിടിച്ച്​ സമീപത്തെ കാട്ടിനടുത്ത്​ എറിഞ്ഞു. ബോധം പോയ്​ മറഞ്ഞു. ആരാണ് ആശുപത്രിയിലാക്കിയതെന്ന് ഓര്‍മ്മയില്ല. ഒരുപാട്​ പേർ ചേർന്നാണ്​ മർദിച്ചത്​. ആരൊക്കെയാണെന്ന്​ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എ​​െൻറ തൊപ്പിയും താടിയും കുര്‍ത്തയുമൊക്കെയാണ് അവരെ പ്രകോപിപ്പിച്ചത്. അവര്‍ മർദിച്ചതും വെട്ടിയതുമൊക്കെ ഞാൻ മുസ്‌ലിം ആയതുകൊണ്ടാണ് -സുബൈർ പറഞ്ഞു.

സുബൈറിനെ ആക്രമിക്കുന്ന ഫോ​ട്ടോ ഐസിസ്​ ഉപയോഗിക്കുന്നതായി ബർഖ ചൂണ്ടിക്കാണിച്ചപ്പോൾ ‘അതിനോട്​ ഒട്ടും യോജിപ്പില്ലെന്നും അവരും അക്രമികളാണെന്നും അവർ എന്നോട്​ ചെയ്യുന്ന ക്രൂരതയാണ്​ അതെന്നു’മായിരുന്നു അദ്ദേഹത്തിൻെറ മറുപടി.

മുഹമ്മദ്​ സുബൈർ മാധ്യമപ്രവർത്തക ബർഖ ദത്തുമായി സംസാരിക്കുന്നു

ഞാന്‍ എന്തിന് പേടിക്കണം?
വീട്ടിലേക്ക് തിരിച്ചു പോകുന്നതിനെകുറിച്ച്​ ചോദിച്ചപ്പോൾ സുബൈർ അൽപം നിശബ്​ദനായി. പിന്നെ ആത്മവിശ്വാസത്തോടെ പറഞ്ഞു: ‘പോകും. മക്കളും സഹോദരിയും കുടുംബവുമൊത്ത്​ വീട്ടിൽ കഴിയണം. ജോലിയും കുട്ടികളുടെ പഠനവും തുടരണം’.

തിരികെ പോകു​േമ്പാൾ ഭയമില്ലേ എന്ന ചോദ്യത്തിനും ഉറച്ച സ്വരത്തിൽ മറുപടി:​ ‘എനിക്ക് പേടിയില്ല. ഞാന്‍ എന്തിന് പേടിക്കണം. കുറ്റവാളികളാണ് പേടിക്കേണ്ടത്. നിങ്ങളുടെ പ്രവൃത്തിയും ചിന്തയും ശരിയാണെങ്കില്‍, നിങ്ങള്‍ മുകളിലിരിക്കുന്നവനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ പേടിക്കേണ്ട കാര്യമില്ല’.
അക്രമികൾ വളഞ്ഞിട്ട്​ തല്ലു​േമ്പാൾ ‘ഞാന്‍ എ​​െൻറ അവസാനം ഉറപ്പിച്ചിരുന്നു’വെന്നും അദ്ദേഹം പറഞ്ഞു.

‘മുകളിലുള്ളയാളെ (ദൈവത്തെ) മാത്രം ഓര്‍ത്തു. എ​​െൻറ ജീവിതത്തിൽ എന്തെങ്കിലും തെറ്റ്​ ചെയ്​തിട്ടുണ്ടെങ്കിൽ പൊറുത്തുതരണേ എന്ന് മനസറിഞ്ഞു പ്രാർഥിച്ചു. പിന്നെ മണ്ണിൽ മുഖം കുത്തിയിരുന്നു’.

റോയിട്ടേഴ്‌സ്​ ഫോട്ടോഗ്രാഫര്‍ ഡാനിഷ്​ സിദ്ധീഖി

മാപ്പ്​ നൽകിയില്ലെങ്കിൽ പി​െന്ന ഞാനും അവരും തമ്മിലെന്ത്​ വ്യത്യാസം?
അക്രമിച്ചവർക്ക്​ മാപ്പു നൽകാൻ എങ്ങനെ നിങ്ങൾക്ക്​് കഴിയുന്നുവെന്ന്​ ബർഖ ആശ്​ചര്യപ്പെട്ടപ്പോൾ ‘മാപ്പ്​ നൽകിയില്ലെങ്കിൽ പി​െന്ന ഞാനും അവരും തമ്മിലെന്ത്​ വ്യത്യാസം’ എന്നായിരുന്നു സുബൈറി​​െൻറ മറുചോദ്യം.

‘നിങ്ങളോട്​ തെറ്റ്​ ചെയ്​തവർക്ക്​ മാപ്പു നല്‍കാനാണ് ഇസ്‌ലാം പറയുന്നത്. മുഹമ്മദ് നബി അതാണ് പഠിപ്പിച്ചത്. അദ്ദേഹം അത് കാണിച്ചു തന്നിട്ടുണ്ട്. അവരുടെ മനസ്സിലെ വെറുപ്പ് ഇല്ലാതാക്കാന്‍ അല്ലാഹുവിനോട് പ്രാർഥിക്കും. മനുഷ്യത്വം നൽകാൻ പ്രാർഥിക്കും. അവര്‍ക്ക് നല്ല ബുദ്ധി നല്‍കാനും മോശം പ്രവൃത്തികളില്‍ പശ്​ചാത്താപം തോന്നാനും നല്ലവരാകാനും പ്രാർഥിക്കും’ വെ​ട്ടേറ്റ തലയിലെ​​ തുന്നിക്കെട്ടിൽ​നിന്ന്​ ​നിലക്കാത്ത വേദന അനുഭവിക്കു​േമ്പാഴും സുബൈര്‍ പറഞ്ഞു.

Show Full Article
TAGS:delhi riot Mohammed Zubair barkha dutt 
News Summary - "No hate, no fear. I am praying for them" says Zubair, man attacked with Swords -India news
Next Story