അസമിലെ രണ്ട് ജില്ലകളിൽ നിരോധനാജ്ഞ; കർബി ആംഗ്ലോങ്ങിൽ സ്ഥിതി നിയന്ത്രണവിധേയം
text_fieldsദിഫു: അക്രമ സംഭവങ്ങൾ അരങ്ങേറിയ മധ്യ അസമിലെ കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിൽ സ്ഥിതിഗതികൾ സംഘർഷഭരിതമെങ്കിലും നിയന്ത്രണവിധേയം. പ്രശ്നബാധിത പ്രദേശങ്ങളിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ജില്ലകളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. കർബി ആംഗ്ലോങ്ങിൽ രാത്രി കർഫ്യൂവുമുണ്ട്.
വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലയിലെ ഖേറോണിയിൽ ചൊവ്വാഴ്ച രണ്ടു പേർ കൊല്ലപ്പെടുകയും 38 പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്ലേറിൽ അസം ഡി.ജി.പി ഹർമീത് സിങ്ങിനും ഐ.ജി അഖിലേഷ് കുമാർ സിങ്ങിനും പരിക്കേറ്റിരുന്നു.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും അക്രമങ്ങളുണ്ടായില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരസ്പരം പോരടിക്കുന്ന രണ്ട് വിഭാഗങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ തമ്പടിച്ചതിനാൽ പിരിമുറുക്കം കുറഞ്ഞിട്ടില്ല. പ്രദേശത്ത് അഞ്ച് സി.ആർ.പി.എഫ് കമ്പനികളെ കൂടി വിന്യസിച്ചൂ. രാവിലെ സംയുക്ത ഫ്ലാഗ് മാർച്ചും നടത്തി.
ഹിന്ദി സംസാരിക്കുന്ന ആളുകൾ ആദിവാസി മേഖലകളിലെ വില്ലേജ് ഗ്രേസിങ് റിസർവ്, പ്രഫഷനൽ ഗ്രേസിങ് റിസർവ് എന്നീ ഭൂമി കൈയേറിയെന്ന ആരോപണത്തെത്തുടർന്ന് തദ്ദേശീയരായ കർബികളും ബിഹാറി വംശജരും തർക്കത്തിലാണ്. ബിഹാറിൽ നിന്നുള്ളവരാണെന്ന് ആരോപിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ രണ്ട് ജില്ലകളിലെയും ഭൂമിയിൽനിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കർബി സമുദായത്തിൽനിന്നുള്ള പ്രക്ഷോഭകർ 15 ദിവസമായി നിരാഹാര സമരത്തിലായിരുന്നൂ.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ബിഹാറുകാർ ചൊവ്വാഴ്ച തെരുവിലിറങ്ങിയിരുന്നു. കല്ലുകൾ, വടികൾ, വില്ലുകൾ, അമ്പുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഒടുവിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് കർബി യുവാവായ അതിക് തിമുങ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
കർബികൾക്ക് പുറമെ ബിഹാറി, ബംഗാളി, നേപ്പാളി വിഭാഗങ്ങൾ താമസിക്കുന്ന ഖെറോണി പ്രദേശത്തെ കടയിൽ അംഗപരിമിതനായ സുരേഷ് ഡേയെ ജീവനോടെ ചുട്ടുകൊന്നതോടെ സംഘാർഷവസ്ഥ മുർച്ഛിച്ചു. രണ്ടു പേർ കൊല്ലപ്പെട്ടതടക്കമുള്ള സംഭവങ്ങളിൽ വളരെയധികം വേദനിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

