ഗുവാഹത്തി: സംസ്ഥാനത്ത് സൗജന്യ കൊറോണ വൈറസ് പരിശോധന സൗകര്യം പിൻവലിക്കാൻ മേഘാലയ സർക്കാർ തീരുമാനിച്ചു. ഒക്ടോബർ 16 മുതൽ മേഘാലയയിലെ ആളുകൾക്ക് കൊറോണ വൈറസ് പരിശോധനക്ക് പണം നൽകേണ്ടിവരും. മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് ആണ് ഇക്കാര്യമറിയിച്ചത്.
"മേഘാലയയിലെ സ്ഥിര താമസക്കാർക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി സംസ്ഥാനത്തേക്ക് വരുന്നവർക്കും ഇത് ബാധകമാണ്" ടിൻസോങ് പറഞ്ഞു.
ഈ വർഷം ജൂലൈ മുതൽ ടെസ്റ്റിങ് കിറ്റുകൾ വാങ്ങുന്നതിനുള്ള സഹായമോ സബ്‌സിഡിയോ നൽകുന്നത് ഐ.സി.എം.ആർ പിൻവലിച്ചിട്ടുണ്ട്. ഇപ്പോൾ കിറ്റുകൾ വാങ്ങുന്നതിന് എല്ലാ സംസ്ഥാനങ്ങളും പണം നൽകേണ്ടതുണ്ട്.
കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായങ്ങളൊന്നുമില്ല, ഐ.സി.എം.ആർ ഇതിനകം ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ മേഘാലയയിൽ 7037 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 2371 പേർ ചികിത്സയിലാണ്.60 പേർ മരിച്ചു. 4606 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 270 പേർക്കാണ് മേഘാലയയിൽ കോവിഡ് സ്ഥിരീകരിച്ചത്.