സുബിൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിംഗപ്പൂർ പൊലീസ്
text_fieldsന്യൂഡൽഹി: അസം ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിംഗപ്പൂർ പൊലീസ്. ആദ്യഘട്ട അന്വേഷണത്തിൽ നിന്ന് മരണത്തിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും സിംഗപ്പൂർ പൊലീസ് വ്യക്തമാക്കി. സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പൊലീസിന്റെ വിശദീകരണം.
നേരത്തെ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ ഒരു സ്കൂബാ ഡൈവിങ്ങിനിടെയാണ് 52കാരനായ ഗായകൻ മരണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഉയർന്നിരുന്നു.സുബീന്റെ അടുത്ത ബന്ധുവായ സന്ദീപൻ ഗാർഗിനെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ സി.ജെ.എം ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിംഗപ്പൂരിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ പോയ സുബീനൊപ്പം സന്ദീപനുമുണ്ടായിരുന്നു. മരണം നടന്ന സ്വിമ്മിങ് പൂളിലും സന്ദീപന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ബോളിവുഡിലടക്കം കഴിവു തെളിയിച്ച ഗായകനാണ് സുബിൻ ഗാർഗ്. യാ അലി എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തനായ ഗായകനാണിദ്ദേഹം. സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. നീന്തൽ കുളത്തിലെ സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം മൂലം സുബിൻ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന വാർത്ത. എന്നാൽ നീന്തൽ വിദഗ്ധനായ സുബീൻ ഗാർഗ് മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നായിരുന്നു സംഭവത്തിന്റെ ദൃക്സാക്ഷിയും ബാന്റ് അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൃത്യത്തിനായി വിദേശരാജ്യം തെരഞ്ഞെടുത്തതിലൂടെ കൊലപാതകം അപകട മരണമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്നും ഗോസ്വാമി ആരോപിക്കുകയുണ്ടായി.സുബിന്റെ ഭാര്യ ഗരിമയും മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

