'ജന്തർമന്തിറിൽ വെടിവെപ്പ് നടന്നിട്ടില്ല, അത് കൊണ്ട് ഉത്തരവിട്ടതാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല'- ജിതേന്ദ്ര സിങ്
text_fieldsന്യൂഡൽഹി: ജന്തർമന്തിറിൽ വെടിവെയ്പ് നടന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെയുള്ള ലോക്സഭയിലെ നിയമഭേദഗതി ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഘർഷാവസ്ഥയിൽ പോലീസ് വെടിയുതിർത്തിട്ടില്ലെന്നും ആകെ പ്രയോഗിച്ചത് കണ്ണീർവാതകം മാത്രമാണെന്നും അദ്ദേഹം സഭയിൽ ആവർത്തിച്ചു. വെടിവെപ്പ് നടക്കാത്ത സാഹചര്യത്തിൽ ഉത്തരവിട്ടതാരെന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും, ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം മജിസ്ട്രേട്ടിനാണെന്നും മന്ത്രി വിശദീകരിച്ചു.
പരീക്ഷാ ക്രമക്കേടുകൾ കർശനമായി നേരിടുന്നതിന്റെ ഭാഗമായി, 2024ൽ നിലവിൽവന്ന നിയമപ്രകാരം ഇതുവരെ 52 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ലോക്സഭയിൽ പറഞ്ഞു. പുതിയ ഭേദഗതിപ്രകാരം പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കും തട്ടിപ്പുകൾക്കും ഉത്തരവാദികളായ സർവീസ് ദാതാക്കൾക്കുള്ള പിഴ ഒരു കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന മാനേജ്മെന്റിനും ജീവനക്കാർക്കും 5 മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് 7 വർഷം തടവും 10 കോടി രൂപ വരെ പിഴയും ചുമത്തുന്നതാണ് പുതിയ ഭേദഗതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ബില്ലിന്മേലുള്ള ചർച്ച രാഷ്ട്രീയവൽക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ജിതേന്ദ്ര സിങ്, പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ വിമർശിച്ചു. അതേസമയം, എൻ.ഡി.എ സർക്കാരിന്റെ ഭരണകാലത്ത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവമായ വളർച്ചയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. എയിംസ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചതായും, പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ വഴക്കവും മികച്ച അവസരങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

