പ്രണയദിനത്തിൽ 'നന്ദി ഹിൽസി'ലേക്ക് പ്രവേശനമില്ല
text_fieldsബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് സന്ദർശന വിലക്ക്. ചിക്കബെല്ലാപുര ജില്ലാ ഭരണകൂടമാണ് വിനോദസഞ്ചാരികൾക്കും വാഹനങ്ങൾക്കും പ്രവേശനം പൂർണമായും നിരോധിച്ചത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയായിരിക്കും നിയന്ത്രണം.
ബംഗളൂരുവിന് സമീപം സ്ഥിതിചെയ്യുന്ന നന്ദി ഹിൽസിൽ വാരാന്ത്യങ്ങളിലും പ്രത്യേക അവസരങ്ങളിലും വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് തിരക്കിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ടെന്നാണ് ഭരണകൂടത്തിന്‍റെ വിശദീകരണം. ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
ഭരണകൂടത്തിന്റെ കണക്കനുസരിച്ച് അത്തരം ദിവസങ്ങളിൽ ഹിൽ സ്റ്റേഷനിൽ സാധാരണയായി 16,000 മുതൽ 18,000 വരെ സന്ദർശകരും ഏകദേശം 5,000 വാഹനങ്ങളും എത്താറുണ്ട്. നിരോധനാജ്ഞ കർശനമായി നടപ്പിലാക്കാനും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുന്നിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയാൻ പ്രധാന പ്രവേശന കവാടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. നന്ദി ഹിൽസ് മനോഹരമായ പ്രകൃതി സൗന്ദര്യത്തിനും സൂര്യോദയ കാഴ്ചക്കും പ്രശസ്തമായ വിനോദകേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

