പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്: യോഗ്യരായ ഒരു വോട്ടറുടെ പേരുപോലും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യില്ല -ഗ്യാനേഷ് കുമാർ
text_fieldsഗ്യാനേഷ് കുമാർ
കൊൽക്കത്ത: പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗ്യരായ ഒരു വോട്ടറുടെ പേരുപോലും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാർ ഉറപ്പുനൽകി. ബംഗാൾ സന്ദർശനത്തിനിടെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തികച്ചും സുതാര്യവും നീതിയുക്തവും സമാധാനപരവുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ ജനങ്ങൾക്ക് സമാധാനപരമായ ജനാധിപത്യ പ്രക്രിയയിൽ വിശ്വാസമുണ്ടെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി നടത്തുന്നതിനാണ് കമീഷൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഒരുതരത്തിലുള്ള അനാസ്ഥയും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും 100 ശതമാനം വെബ്കാസ്റ്റിങ് നടപ്പിലാക്കുമെന്ന് ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏകദേശം 80,000 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 61,000 പോളിങ് ബൂത്തുകളും ഗ്രാമീണ മേഖലയിലാണ്. 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (എസ്.ഐ.ആർ) പ്രക്രിയ ഭരണഘടനാപരമായാണ് നടത്തുന്നതെന്നും ഇത് തികച്ചും നീതിയുക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടയിൽ ദക്ഷിണേശ്വർ കാളി ക്ഷേത്രം, കാളിഘട്ട് ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങളുണ്ടായി. അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിക്കുകയും 'ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.
അതേസമയം, വോട്ടർ പട്ടികയിലെ തർക്കവിഷയങ്ങളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷനോടും സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 10.16 ലക്ഷം പരാതികളാണ് ജുഡീഷ്യൽ ഉദ്യോഗസ്ഥർ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

