വൈദ്യുതി നിലച്ചു; മുംബൈ സ്തംഭിച്ചു
text_fieldsമുംബൈ നഗരത്തിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചതിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവിസുകൾ സ്തംഭിച്ചപ്പോൾ
മുംബൈ: അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതിനെ തുടർന്ന് മഹാനഗരമായ മുംബൈയിൽ ജനജീവിതം മണിക്കൂറുകൾ സ്തംഭിച്ചു.
തിങ്കൾ രാവിലെ പത്തു മണിയോടടുപ്പിച്ചാണ് വൈദ്യുതി നിലച്ചത്. കോവിഡ് മഹാമാരിയിൽ വീട്ടിലിരുന്ന് ജോലിയെടുക്കുന്ന ( വർക് അറ്റ് ഹോം) ലക്ഷക്കണക്കിനാളുകൾക്ക് വൈദ്യുതി സ്തംഭനം വൻ കുരുക്കായി. ലോക്കൽ ട്രെയിൻ സർവിസുകൾ നിലച്ചതിനൊപ്പം നിരവധിപേർ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ലിഫ്റ്റുകളിലും കുടുങ്ങി. രണ്ട് മണിക്കൂർ നേരമാണ് വൈദ്യുതി ഇല്ലാതായതെങ്കിലും അതിലേറെ സമയം അതിെൻറ ദുരിതം നീണ്ടു.
താണെ, പൻവേൽ, ഡോംബിവ്ലി, കല്യാൺ, നവി മുംബൈ, ചർച്ച് ഗേറ്റ് തുടങ്ങിയ നഗരഭാഗങ്ങളെയാണ് പ്രശ്നം ഗുരുതരമായി ബാധിച്ചത്. ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ രണ്ടര മണിക്കൂറെടുത്തു. ടാറ്റാ പവർ കമ്പനിയിൽ നിന്നാണ് വൈദ്യുതി നിലച്ചതെന്ന് റെയിൽവേ ആരോപിച്ചു.
മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതി വിതരണ കമ്പനിയിലുണ്ടായ തടസ്സമാണ് വൈദ്യുതി സ്തംഭനത്തിന് കാരണമായതെന്ന് വൈദ്യുതി മന്ത്രി നിതിൻ റാവുത്ത് പറഞ്ഞു. ടാറ്റാ പവറിെൻറ സബ്സ്റ്റേഷനും തുടർന്ന് ട്രിപ്പാവുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ വൈദ്യുതി പുനസ്ഥാപിച്ചതായി ടാറ്റാ പവർ അറിയിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടു.