‘സംഭാവന നൽകിയവർ മാത്രം ചോദ്യംചെയ്താൽ മതി’ -രാമക്ഷേത്ര കൊള്ള വിവാദത്തിൽ ബി.ജെ.പി നേതാവ് സി.ടി. രവി
text_fieldsഹാസൻ: രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയവർക്ക് മാത്രമേ അവിടെ നടന്ന ക്രമക്കേടുകളെ ചോദ്യംചെയ്യാൻ അവകാശമുള്ളൂവെന്ന് കർണാടകയിലെ ബി.ജെ.പി നേതാവ് സി.ടി. രവി. ക്ഷേത്ര നിർമാണത്തെ എതിർക്കുകയും ശ്രീരാമന്റെ നിലനിൽപിനെ ചോദ്യം ചെയ്യുകയും ചെയ്തവർ പറയുന്നതിന് ചെവികൊടുക്കേണ്ടതില്ലെന്നും നിയമസഭ കൗൺസിൽ (എം.എൽ.സി) അംഗം കൂടിയായ രവി പറഞ്ഞു.
ഹാസൻ ജില്ലയിലെ ആളൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, രാമക്ഷേത്ര കൊള്ള വിവാദം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോഴായിരുന്നു രവിയുടെ പ്രതികരണം. ‘ക്ഷേത്രോത്സവങ്ങൾക്ക് നിരവധി ആളുകൾ വരാറുണ്ട്. ഭക്തരും കളിപ്പാട്ടങ്ങൾ വിൽക്കുന്നവരും പോക്കറ്റടിക്കാരുമെല്ലാം അതിൽ ഉൾപ്പെടുന്നു. അതിനർഥം ക്ഷേത്രോത്സവം നടത്തുന്നത് തെറ്റാണെന്നല്ല’ -രവി കൂട്ടിച്ചേർത്തു
ആർ.എസ്.എസിനെതിരായ കോൺഗ്രസ് നേതാക്കളുടെ വിമർശനവും രവി തള്ളി. നാവിന് എല്ലില്ലാത്തതിനാൽ എന്തും പറയാമെന്നായിരുന്നു മറുപടി. കർണാടക പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ദേശസ്നേഹ സംഘടനകളെ വിമർശിക്കുന്നത് കൊണ്ട് വലിയ കാര്യമില്ല. അത് രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രമേ സഹായിക്കൂ. ആർ.എസ്.എസിനെതിരെ പ്രസ്താവനകൾ നടത്തുന്നതിലൂടെ കോൺഗ്രസിന് താൽക്കാലിക നേട്ടങ്ങൾ ലഭിച്ചേക്കാമെന്നും രവി കൂട്ടിച്ചേർത്തു.
ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കഴിഞ്ഞ ദിവസം കോടതി സമൻസ് അയച്ചിരുന്നു. ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്-42 ആണ് ഇരുവർക്കുമെതിരേ സമൻസ് പുറപ്പെടുവിച്ചത്. പരാതിയിൽ ഇരുവർക്കുമെതിരെ ക്രിമിനൽ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ജൂലായ് 21-ന് ഇരുവരും കോടതിയിൽ ഹാജരാകാനും ഉത്തരവിട്ടു.
മറ്റൊരു കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ വർക്കിങ് പ്രസിഡന്റുമായ ദിനേശ് ഗുണ്ടുറാവുവിനെയും പരാതിയിൽ പ്രതിചേർത്തിരുന്നെങ്കിലും കോടതി നടപടികളിൽനിന്ന് ഒഴിവാക്കിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

