ട്രംപിന്റെ ഡംഭിൽ ആശങ്ക; ആസിയാൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കാൻ മോദി, ഇന്ത്യ-യു.എസ് നേതൃതല ചർച്ച നീണ്ടേക്കും
text_fieldsഡോണൾഡ് ട്രംപ്, നരേന്ദ്രമോദി
ന്യൂഡൽഹി: ട്രംപ് -മോദി ‘ഫ്രണ്ട്ഷിപ്പ് ചർച്ച’കളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ മലേഷ്യയിൽ നടക്കാനിരിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ 26മുതൽ 28 വരെ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ബിഹാർ തെരഞ്ഞെടുപ്പ് ചൂണ്ടിയാണ് പ്രധാനമന്ത്രി വിട്ടുനിൽക്കുന്നതെന്നാണ് സൂചന. നേരത്തെ ഉഭയകക്ഷി വ്യാപാരക്കരാർ അടക്കം വിഷയങ്ങളിൽ മലേഷ്യയിൽ ഇരുനേതാക്കളും ചർച്ച നടത്തുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം ദീപാവലി ആശംസകൾ അറിയിച്ച് മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇന്ത്യ-പാകിസ്താൻ വിഷയമടക്കം ചർച്ചയായതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ സർക്കാർ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനമെത്തുന്നത്. ഉച്ചകോടിക്കായി ട്രംപ് മലേഷ്യയിൽ എത്തുന്നുണ്ട്. ഈ അവസരത്തിൽ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയാൽ ട്രംപ് സമാനമായ അവകാശവാദം ആവർത്തിച്ചേക്കുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക. ഈ അവസരത്തിൽ പ്രധാനമന്ത്രിക്ക് ഇത് നേരിട്ട് നിഷേധിക്കേണ്ടി വന്നേക്കും. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കുമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മോദി ഒരുങ്ങുന്നതെന്നാണ് സൂചന.
ബിഹാർ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പിൻമാറ്റം. ഒക്ടോബർ 24നാണ് ബിഹാറിൽ നരേന്ദ്രമോദിയുടെ റാലി. അതേസമയം, ഉച്ചകോടിയെ മോദി വെർച്വലായി അഭിസംബോധന ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യ ആരായുന്നുണ്ടെന്നാണ് വിവരങ്ങൾ.
നവംബറിൽ സൗത് ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയാണ് ഇനി ഇരുനേതാക്കളും പങ്കെടുക്കുന്ന അടുത്ത പൊതുപരിപാടി. എന്നാൽ, ട്രംപ് പരിപാടിയിൽ പങ്കെടുത്തേക്കില്ലെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. ഇതോടെ താരിഫടക്കം നിർണായക വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും ഭരണനേതൃത്വത്തങ്ങൾ തമ്മിലുള്ള ചർച്ച നീണ്ടുപോകാനാണ് സാധ്യതയെന്ന് വിദേശകാര്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ആസിയാൻ യോഗങ്ങളിൽ നിന്ന് വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ മാത്രമാണ് മോദി വിട്ടുനിന്നിട്ടുള്ളത്. ട്രംപിന്റെ അധ്യക്ഷതയിൽ ഗസ്സ സമാധാന ചർച്ചകളിലേക്കുള്ള ഈജിപ്തിന്റെ ക്ഷണം പ്രധാനമന്ത്രി അടുത്തിടെ നിരസിച്ചിരുന്നു. ഉഭയകക്ഷി വ്യാപാര കരാറിൽ നിർണായക വഴിത്തിരിവുണ്ടാവാതെ ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിൽ മോദിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നുള്ള അവകാശവാദം ട്രംപ് ആവർത്തിക്കുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ചൊവ്വാഴ്ച ദീപാവലി ആശംസയറിയിച്ച് മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളും ചർച്ചയായതായി ട്രംപ് അവകാശപ്പെട്ടിരുന്നു. പിന്നാലെ, എല്ലാത്തരം ഭീകരതകൾക്കുമെതിരെ ഇരുരാജ്യങ്ങളും ഒന്നിച്ചുനിൽക്കുമെന്ന് എക്സിൽ കുറിച്ച മോദി, പാകിസ്താനെ നേരിട്ട് പരാർശിക്കാതെ യു.എസുമായി വർധിച്ചുവരുന്ന സഹകരണത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടാംതവണയാണ് മോദിയുമായി നടത്തിയ ചർച്ചകൾ സംബന്ധിച്ച് ട്രംപിന്റെ അവകാശവാദമ ഇന്ത്യ ഖണ്ഡിക്കുന്നത്. നേരത്തെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതും ഇന്ത്യ നിഷേധിച്ചിരുന്നു.
ഉഭയക്ഷി വ്യാപാരത്തിൽ താരിഫിന് പിന്നാലെയുണ്ടായ പ്രതിസന്ധികളും പാകിസ്താനെ പ്രതിരോധിച്ചുകൊണ്ടുള്ള ട്രംപിന്റെ നിലപാടും മൂലം ഇന്ത്യ യു.എസ് നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ നേരിട്ടിരുന്നു. ഓപറേഷൻ സിന്ദൂറിൽ വെടിനിർത്തൽ ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചർച്ചയിലൂടെയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോൾ താനിടപെട്ടിരുന്നുവെന്ന് ട്രംപ് ആവർത്തിക്കുകയാണ്. ഇതിനിടെ, വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ ക്ഷണം ജൂണിൽ മോദി സ്വീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

