Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റിൽ...

പാർലമെന്റിൽ പ്രതിഷേധങ്ങൾക്കും വിലക്ക്

text_fields
bookmark_border
പാർലമെന്റിൽ പ്രതിഷേധങ്ങൾക്കും വിലക്ക്
cancel

ന്യൂഡൽഹി: പ്രതിപക്ഷം പാർലമെന്‍റിനകത്ത് പതിവായി ഉപയോഗിക്കുന്ന വാക്കുകൾ വിലക്കിയതിന് പിന്നാലെ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള പ്രകടനങ്ങളോ ധർണയോ സമരമോ ഉപവാസമോ മറ്റേതെങ്കിലും മതപരമായ ചടങ്ങുകളോ പാർലമെന്‍റ് വളപ്പിനകത്ത് പറ്റില്ലെന്ന് രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോദിയാണ് ഉത്തരവിറക്കിയത്.

തിങ്കളാഴ്ച പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തുടങ്ങാനിരിക്കേയാണ് രാജ്യസഭ സെക്രട്ടറി ജനറലിന്‍റെ പുതിയ നിരോധന ഉത്തരവ്. വാക്കുകൾ വിലക്കിയപ്പോൾ ലോക്സഭ സ്പീക്കർ ഓം ബിർല നൽകിയ വിശദീകരണം പോലെ ഈ ഉത്തരവും മുമ്പെ ഉണ്ടായിരുന്ന കീഴ്വഴക്കമാണെന്നാണ് രാജ്യസഭ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. 2021ൽ ലോക്സഭയും 2013ൽ യു.പിഎ കാലത്ത് ലോക്സഭയും സമാനമായ സമാന ഉത്തരവുകളിറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അവർ അതിന്‍റെ പകർപ്പുകളും പുറത്തുവിട്ടു.

അതേസമയം, തിങ്കളാഴ്ച വർഷകാല സമ്മേളനം തുടങ്ങുമ്പോൾ ഈ കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ എല്ലാം തങ്ങൾ ലംഘിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം പറഞ്ഞു. ഇത് അൺപാർലമെന്‍ററി സർക്കാറാണെന്നും ചിദംബരം കുറ്റപ്പെടുത്തി. മുമ്പ് സമാനമായ ഉത്തരവുകളിറക്കിയെന്നാണ് ന്യായീകരണം എന്ന് പറഞ്ഞപ്പോൾ കീഴ്വഴക്കം വിഡ്ഢിത്തമാണെങ്കിൽ അത് പിന്തുടരുന്നത് എന്തിനാണെന്ന് ചിദംബരം ചോദിച്ചു. 'വിശ്വഗുരുവിന്‍റെ പുതിയ വെടി, ധർണ നിരോധിച്ചിരിക്കുന്നു' എന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

പ്രതിഷേധ പരിപാടികൾ പാർലമെന്‍റ് വളപ്പിനകത്ത് നിരോധിച്ചത് ഞെട്ടിക്കുന്നതാണെന്ന് രാഷ്ട്രീയ ജനതാദൾ എം.പിയും ഡൽഹി സർവകലാശാല പ്രഫസറുമായ മനോജ് ഝാ പറഞ്ഞു. വിയോജിപ്പിന്‍റെയും പ്രതിഷേധത്തിന്‍റെയും ആശയങ്ങളെത്തന്നെ നിരാകരിക്കുന്ന നടപടിയാണിത്. ആശയം പ്രകടിപ്പിക്കാൻ എല്ലാവരും ഉപയോഗിക്കുന്ന വാക്കുകൾ വിലക്കിയ ശേഷമാണ് പുതിയ നടപടി. പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ അടിസ്ഥാനങ്ങൾക്കു മേലുള്ള ആക്രമണം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ സ്പീക്കറും രാജ്യസഭാ ചെയർമാനും നടപടി എടുക്കണമെന്ന് മനോജ് ഝാ ആവശ്യപ്പെട്ടു.

പ്രതിപക്ഷം സർക്കാറിനെതിരെ നിരന്തരം ഉപയോഗിക്കുന്ന നിരവധി വാക്കുകൾ വിലക്കി പാർലമെൻററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പുതിയ പട്ടിക ലോക്സഭ പുറത്തിറക്കിയത് വ്യാഴാഴ്ച വൻ വിവാദമായിരുന്നു. അഴിമതി, അഴിമതിക്കാരൻ, ഏകാധിപതി, നാട്യക്കാരൻ, നാണമില്ലാത്തവൻ, വിനാശകാരി, ചരടുവലിക്കുന്നവൻ, ജുംലജീവി (വാചകമടിക്കാരൻ), താഡിപാർ (പിടികിട്ടാപുള്ളി), ബധിര സർക്കാർ, ഗുണ്ടകളുടെ സർക്കാർ, ചാരവൃത്തി, ദാദാഗിരി, അസത്യം, അവാസ്തവം, പാദസേവ, കൊല, ആർത്തി, അപമാനം, അവമതി, മുതലക്കണ്ണീർ, രക്തച്ചൊരിച്ചിൽ, തെമ്മാടിത്തരം, കലാപം, നാടകം, കാപട്യം, വിശ്വാസലംഘനം, ക്രൂരം, കപടം, വ്യാജം തുടങ്ങി പതിവായി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ഉപയോഗിച്ചുകൊണ്ടിരുന്ന വാക്കുകളെല്ലാം പുതിയ പട്ടിക പ്രകാരം പാർലമെന്‍ററി മര്യാദക്ക് നിരക്കാത്തതായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentprotest
News Summary - No dharna in Parliament, states order ahead of Monsoon session
Next Story