മൂസേവാലയുടെ കൊലപാതകം; നീതി നടപ്പാക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തിയിട്ടില്ലെന്ന് ഭഗവന്ത് മാൻ
text_fieldsചണ്ഡീഗഡ്: സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ നീതി നടപ്പാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. നീതി നടപ്പാക്കുന്നതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പോരായ്മകളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകന് ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ടെങ്കിൽ എഫ്.ഐ.ആർ പിൻവലിക്കാൻ തയാറാണെന്ന മൂസേവാലയുടെ പിതാവിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
"നീതി നടപ്പാക്കുന്നതിൽ സർക്കാർ കാലതാമസമൊന്നും വരുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കൂടുതൽ ചോദ്യം ചെയ്യലുകളും അറസ്റ്റും രേഖപ്പെടുത്തുന്നുണ്ട്"- മാൻ പറഞ്ഞു.
താൻ രാജ്യം വിടുമെന്നും തനിക്ക് പറയാനുള്ളത് കേൾക്കാൻ പഞ്ചാബ് സർക്കാരിന് നവംബർ 25 വരെ സമയം നൽകിയിട്ടുണ്ടെന്നും മൂസേവാലയുടെ പിതാവ് ബൽക്കൗർ സിങ് നേരത്തെ പറഞ്ഞിരുന്നു. തിങ്കളാഴ്ച പത്താൻകോട്ടിലെത്തിയ മാൻ മൂസേവാലയുടെ കൊലപാതകം വളരെ ഗൗരവമുള്ള വിഷയമാണെന്ന് പ്രതികരിച്ചു. കൊലപാതകം ആസൂത്രണം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിനായി കാനഡയിലുള്ള പ്രതികൾക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലാണ് സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.