ഉമർ ഖാലിദിനെതിരെ ക്രിമിനൽ കുറ്റം ആരോപിക്കാനാകില്ല -അഭിഭാഷകൻ
text_fieldsഉമർ ഖാലിദ്
ന്യൂഡൽഹി: ഉമർ ഖാലിദിനെതിരെ ഒരു കുറ്റവും ആരോപിക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ത്രിദീപ് പെയ്സ് ഡൽഹി കോടതിയിൽ പറഞ്ഞു. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിനെതിരെ ചുമത്തിയ യു.എ.പി.എ കേസിൽ അഡീഷനൽ സെഷൻസ് ജഡ്ജി സമീർ ബാജ്പേയ് മുമ്പാകെ എതിർവാദങ്ങൾ അവതരിപ്പിക്കുകയായിരുന്നു പെയ്സ്.
ഉമർ ഖാലിദിനെതിരെ ക്രിമിനൽ കുറ്റം ആരോപിക്കാനാകില്ല. വാട്സ് ആപ് ഗ്രൂപ്പിൽ അദ്ദേഹം അംഗമായിരുന്നെന്നാണ് പറയുന്നത്. എന്നാൽ, ആ ഗ്രൂപ്പിൽ ഉമർ ഖാലിദ് ഒരു മെസേജ് പോലും അയച്ചിട്ടില്ല. ഗ്രൂപ്പിൽ ഉൾപ്പെടുന്നതിൽ എന്ത് കുറ്റമാണുള്ളത്. കേസിലെ സംരക്ഷിത സാക്ഷിയുടെ മൊഴി ഉമർ ഖാലിദിന്റെ അറസ്റ്റിന് ഒരു മാസം മുമ്പേ രേഖപ്പെടുത്തിയതാണ്. അയാൾക്ക് പ്രത്യേക താൽപര്യങ്ങളുണ്ട്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് ആദ്യ റിപ്പോർട്ട് വന്നത് 2020 ഫെബ്രുവരി 13നാണ്. എന്നാൽ, എഫ്.ഐ.ആറിൽ പറയുന്നത് ഫെബ്രുവരി 24-25 തീയതികളിൽ ട്രംപിന്റെ സന്ദർശനവേളയിൽ ഇന്ത്യയെ അവമതിക്കാൻ പ്രതികൾ ഫെബ്രുവരി എട്ടിന് ഗൂഢാലോചന നടത്തിയെന്നാണ്. ഡിസംബർ എട്ടിന് ജംഗ്പുരയിൽ നടന്ന കലാപ ഗൂഢാലോചനയിലെ പ്രധാന പ്രതി ഉമർ ഖാലിദാണെന്ന് പൊലീസ് പറയുന്നു. എന്നാൽ, ആ യോഗത്തിൽ ഉമർ പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകൻ തുടർന്നു. ബുധനാഴ്ചയും വാദം കേൾക്കൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

