കട്ടിലില്ല; ഹോസ്റ്റലിൽ നിലത്ത് ഉറങ്ങിക്കിടക്കവെ പാമ്പുകടിയേറ്റ് മൂന്ന് ആദിവാസി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ നിലത്തു കിടന്നുറങ്ങുകയായിരുന്ന മൂന്ന് ആദിവാസി വിദ്യാർഥിനികൾ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. സംസ്ഥാന ചീഫ് സെക്രട്ടറിയോട് സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും, ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്ന് പെൺകുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും എൻ.എച്ച്.ആർ.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ വ്യക്തമാക്കുകയും ചെയ്തു.
ആശ്രമം സ്കൂൾ ഹോസ്റ്റൽ മുറിയിൽ ആവശ്യത്തിന് കട്ടിലുകളില്ലാത്തതിനെത്തുടർന്ന് വിദ്യാർഥിനികൾ തറയിൽ കിടക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഇതിനിടയിലാണ് മുറിക്കുള്ളിൽ വെച്ച് ആറ് പെൺകുട്ടികൾക്ക് പാമ്പുകടിയേറ്റത്. വിഷബാധയേറ്റ് മൂന്ന് പേർ മരണപ്പെടുകയും, ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് കുട്ടികളെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണം നൽകിവരികയുമാണ്.
മീഡിയ റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട് എൻ.എച്ച്.ആർ.സി ചൂണ്ടിക്കാണിക്കുന്നത്, 79 ഓളം പെൺകുട്ടികളെയാണ് ഒരേയൊരു മുറിയിൽ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് എന്നാണ്. കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചുവരുന്ന ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ല. ജില്ലയിൽ വർഷാവർഷം നിരവധി പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സർക്കാർ കണക്കുകൾ പ്രകാരം, പാമ്പുകടിയേറ്റും, സിക്കിൾ സെൽ അനീമിയ ബാധിച്ചും, ഗുരുതരമായ അസുഖങ്ങൾ മൂലവും, അപകടങ്ങളിലും ആത്മഹത്യകളിലുമായി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ (2024-2026 കാലയളവിൽ) 584 റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികളാണ് മരണപ്പെട്ടത്. 730 ദിവസത്തെ കണക്കെടുത്താൽ ദിവസേന ഏകദേശം ഒരു വിദ്യാർഥി എന്ന നിലയിലാണ് മരണം സംഭവിക്കുന്നത്.
മഹാരാഷ്ട്രയിൽ ആകെ 500 സർക്കാർ നടത്തുന്ന ആശ്രമം സ്കൂളുകളും 513 എയ്ഡഡ് ആശ്രമം സ്കൂളുകളുമാണ് ഉള്ളതെന്ന് ഗോത്രവിഭാഗ വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ആശ്രമം സ്കൂളുകളിൽ 384 മരണങ്ങളും, എയ്ഡഡ് സ്കൂളുകളിൽ 200 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ സ്കൂൾ പരിസരത്ത് വെച്ചും വീടുകളിൽ വെച്ചുമാണ് കുട്ടികൾ മരണപ്പെട്ടത്.
അതേസമയം, ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ ഭരണകൂട അശ്രദ്ധയും അഴിമതിയുമാണ് ഗഡ്ചിരോളിയിലെ ഹോസ്റ്റലിൽ ഉണ്ടായ ദുരന്തത്തിന് കാരണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. ആദിവാസി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ഹോസ്റ്റലുകളുടെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാണിച്ചുകൊണ്ട് വലിയ രാഷ്ട്രീയ വിമർശനങ്ങളാണ് നിലവിൽ സംസ്ഥാനത്ത് ഉയരുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പൊതു സമൂഹത്തിന്റെ ശക്തമായ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

