മുംബൈ: എം.എൻ.എസ് തലവൻ രാജ് താക്കറെയുടെ റാലിക്ക് 13 നിബന്ധനങ്ങൾ പുറപ്പെടുവിച്ച് പുണെ പൊലീസ്. നിബന്ധന ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. താക്കറെയുടെ പ്രസംഗം ഒരു സമൂഹത്തേയും അപമാനിക്കുന്നതോ ആളുകൾക്കിടയിൽ വിദ്വേശം സൃഷ്ടിക്കുന്നതോ ആയിരിക്കരുതെന്ന് പൊലീസ് ഉത്തരവിൽ പറയുന്നു.
ഏതെങ്കിലും സമുദായത്തെ അപമാനിക്കുന്നതോ സമുദായങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതോ ആയ പ്രസംഗങ്ങൾ നടത്തരുത്. യോഗത്തിൽ പങ്കെടുക്കുന്നവർ സ്വയം അച്ചടക്കം പാലിക്കണം. റാലിയിലേക്ക് ആരും ആയുധങ്ങൾ കൊണ്ട് പോകരുത്. പ്രവർത്തകർക്കിടയിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരാതെ സംഘാടകർ ജാഗ്രത പാലിക്കണം- ഉത്തരവിൽ പറഞ്ഞു.
ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളുന്ന ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ശബ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച മുഴുവൻ നിർദേശങ്ങളും പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ മുംബൈയിലും, ഔറംഗബാദിലും രാജ് താക്കറെ നടത്തിയ റാലികൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ഇത് നടപ്പാക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്നും രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിച്ചിരുന്നു.