Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണ്ഡല...

മണ്ഡല പുനർനിർണയത്തിനെതിരെ മുന്നണി രൂപീകരണം: തമിഴ്നാട്ടിൽ യോഗം ഇന്ന്; നിലപാടിൽ മാറ്റമില്ലെന്ന് ഉദയനിധി, പങ്കെടുക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ

text_fields
bookmark_border
മണ്ഡല പുനർനിർണയത്തിനെതിരെ മുന്നണി രൂപീകരണം: തമിഴ്നാട്ടിൽ യോഗം ഇന്ന്; നിലപാടിൽ മാറ്റമില്ലെന്ന് ഉദയനിധി, പങ്കെടുക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ
cancel

ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ യോജിച്ച രാഷ്ട്രീയ മുന്നണി രൂപീകരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിളിച്ച യോഗത്തിൽ ഡി.എം.കെ എം.പിമാർ പങ്കെടുക്കുമെന്ന് സൂചന. കേന്ദ്ര സർക്കാരിന്റെ പുതിയ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളെ ഒന്നിപ്പിച്ച് പൊതുവായ ഒരു തന്ത്രം രൂപീകരിക്കാനാണ് മുഖ്യമന്ത്രി വിജയ് യോഗം വിളിച്ചത്.

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും യോഗത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയത്തിൽ ഡി.എം.കെ മുൻ നിലപാടിൽ നിന്ന് പിന്മാറുന്നതായും പാർലമെന്റിൽ മൃദുസമീപനം സ്വീകരിക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് തള്ളി യുവജന വിഭാഗം സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും മണ്ഡലപുനർനിർണയ നടപടിയെ അവർ തുടർന്നും എതിർക്കുമെന്നും ഉദയനിധി വ്യക്തമാക്കി. "ഡീലിമിറ്റേഷൻ ബില്ലിനെതിരെ ഞങ്ങൾ തുടക്കം മുതലേ - ഒരു വർഷത്തിലധികം കാലമായി - എതിർപ്പുമായി രംഗത്തുണ്ട്, ഞങ്ങൾ അത് തുടരുകയും ചെയ്യും"- ഉദയനിധി പറഞ്ഞു.

സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടിയ എം.പിമാരുടെ കൂടിയാലോചന യോഗത്തിൽ പാർട്ടി പങ്കെടുക്കുമെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറി ദുരൈമുരുകനും അറിയിച്ചു. എങ്കിലും മേക്കെദാടു അണക്കെട്ട് വിഷയത്തിൽ ആദ്യം സർവ്വകക്ഷി യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "നിലവിലെ സർക്കാർ വിളിച്ചുകൂട്ടിയ എം.പിമാരുടെ കൂടിയാലോചന യോഗത്തിൽ പങ്കെടുക്കുന്നതിലും ഞങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിലും ഞങ്ങൾക്ക് യാതൊരു മടിയുമില്ല," എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യോഗത്തിൽ എ.ഐ.എ.ഡി.എം.കെ പങ്കെടുക്കില്ല.

മണ്ഡല പുനർനിർണ്ണയം സംസ്ഥാനത്ത് ഇപ്പോൾ വലിയൊരു രാഷ്ട്രീയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. സ്ത്രീ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്ര സർക്കാർ വീണ്ടും അവതരിപ്പിക്കാൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പുതിയ സംഭവവികാസം. 2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാനും, ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ൽ നിന്ന് 850 ആയി ഉയർത്താനുമാണ് നിർദ്ദിഷ്ട നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.

ജനസംഖ്യാ കണക്കുകളുമായി ബന്ധപ്പെടുത്തി ഇത്തരം ഒരു നടപടി സ്വീകരിച്ചാൽ, ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് പാർലമെന്റ് സീറ്റുകൾ കുറയുമെന്നും, ഉയർന്ന ജനസംഖ്യാ വളർച്ചയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നുമാണ് തമിഴ്നാടിന്റെ വാദം. ഡി.എം.കെ തുടക്കം മുതലേ ഡീലിമിറ്റേഷനെ എതിർത്തിട്ടുണ്ടെന്നും ഇനിയും എതിർക്കുമെന്നും തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ ഡി.എം.കെ മൃദുസമീപനം സ്വീകരിച്ചുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലപാടിൽ മാറ്റമുണ്ടായെന്ന റിപ്പോർട്ടുകളിൽ കോൺഗ്രസും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിർദ്ദിഷ്ട നിയമനിർമ്മാണത്തെ പിന്തുണയ്ക്കുന്നവരെ തമിഴ്നാട്ടിൽ 'ഒട്ടാപ്പൻ' (ചതിയൻ) എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

ഏപ്രിലിൽ പാർലമെന്റിൽ ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിർദ്ദിഷ്ട ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദശകങ്ങളിൽ കുറഞ്ഞ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയുമ്പോൾ, 2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിലുള്ള ഡീലിമിറ്റേഷൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം ആനുപാതികമല്ലാതെ വർധിപ്പിക്കുമെന്ന് എതിരാളികൾ വാദിക്കുന്നു.

ലോക്‌സഭയിലെ സീറ്റ് വിഹിതം കുറയുന്നത് പാർലമെന്റിൽ ദക്ഷിണേന്ത്യൻ സ്വാധീനം ദുർബലപ്പെടുത്തുമെന്നും, നികുതി വിഹിതം, കേന്ദ്ര വിഭവങ്ങളുടെ വിതരണം തുടങ്ങിയ വിഷയങ്ങളെ ഇത് ബാധിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduaiadmkAll Party MeetdmkMK StaliDelimitationTVK Vijay
News Summary - മണ്ഡല പുനർനിർണയത്തിനെതിരെ മുന്നണി രൂപീകരണം: നിലപാടിൽ മാറ്റമില്ലെന്ന് ഉദയനിധി
Next Story