കത്തിയത് 1.25 ലക്ഷം ലിറ്റർ ഇന്ധനം, പിന്നാലെ കടുത്ത ചൂടും; യാത്രികരെ രക്ഷപെടുത്താൻ യാതൊരു നിർവാഹവും ഉണ്ടായിരുന്നില്ലെന്ന് അമിത് ഷാ
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിങ് വിമാനം തകർന്ന് കത്തിയത് 1.25 ലക്ഷം ലിറ്റർ ഇന്ധനമാണെന്നും പിന്നാലെ കടുത്ത ചൂടുയർന്നതോടെ രക്ഷാപ്രവർത്തനം അസാധ്യമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വ്യാഴാഴ്ച വിമാനാപകടം നടന്നയിടം വ്യോമയാമ മന്ത്രി റാംമോഹൻ നായിഡുവിനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനുമൊപ്പം സന്ദർശിച്ച ശേഷം മാധ്യമങ്ങളോടായിരുന്നു അമിത് ഷായുടെ പ്രതികരണം.
“അപകടം നടന്നയിടം സന്ദർശിച്ചു. ഏതാണ്ട് എല്ലാ യാത്രക്കാരുടെയും മൃതശരീരങ്ങൾ കണ്ടെത്താനായിട്ടുണ്ട്. ആളുകളെ തിരിച്ചറിയാനായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. യാത്രക്കാരുടെ വിദേശത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് രാജ്യം. അപകടം നടന്ന് പത്ത് മിനിറ്റിനകം കേന്ദ്രസർക്കാർ വിവരം അറിഞ്ഞിരുന്നു. വിമാനത്തിലുണ്ടായിരുന്ന 1.25 ലക്ഷം ലിറ്റർ ഇന്ധനമാണ് കത്തിയത്. കടുത്ത ചൂട് രക്ഷാപ്രവർത്തനത്തിന് തടസമാകുകയും ആരെയും രക്ഷിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു” -മന്ത്രി പറഞ്ഞു.
അപകടത്തെ അതിജീവിച്ച ഏക യാത്രികനായ രമേഷിനെ അമിത് ഷാ ആശുപത്രിയിൽ സന്ദർശിച്ചു. 38കാരനായ രമേഷ് ബ്രിട്ടീഷ് പൗരനാണ്. സീറ്റ് നമ്പർ 11എയിൽ യാത്ര ചെയ്യുകയായിരുന്ന രമേഷ് വിമാനം തകരുന്നതിനിടെ എമർജൻസി എക്സിറ്റിലൂടെ പുറത്ത് വീഴുകയായിരുന്നു. അഹ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. സെക്കൻഡുകൾക്കകം തകർന്നുവീണ വിമാനം കത്തിയമർന്നു. വിമാനം വീണ മെഡിക്കൽ കോളജ് ഹോസ്റ്റലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.