മോദി വീണ്ടും കബളിപ്പിക്കപ്പെട്ടുവൊ? റഫാലിനെ ആർക്കും വേണ്ടെന്ന് റിപ്പോർട്ടുകൾ
text_fieldsഏറെ കൊട്ടിഘോഷിച്ച് രാജ്യത്ത് എത്തിച്ച റഫാൽ പോർ വിമാനങ്ങൾ ലോകരാജ്യങ്ങളിൽ മിക്കവരും കയ്യൊഴിഞ്ഞവയെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാെൻറ കൈവശമുള്ള അമേരിക്കൻ നിർമിത എഫ് 16 ഫൈറ്ററുകളോടൊ, ചൈനീസ് ജെറ്റുകളോടൊ പിടിച്ചുനിൽക്കാൻ റഫാലിന് കഴിയുമൊ എന്ന കാര്യം സംശയമാണെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു.
അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും ചെലവേറിയ പോർവിമാനങ്ങളിലൊന്നാണ് റാഫേൽ. ഇന്ത്യക്ക് നൽകുന്ന 36 ജെറ്റുകളുടെ വില 60,000 കോടിയാണ് (കരാർ ഒപ്പിട്ട കാലത്തെ വിലയാണിത്. പിന്നീടിത് എത്ര കൂടിയെന്നോ എത്രയാണ് കൃത്യമായ വിലയെന്നോ പുറത്തുവിട്ടിട്ടില്ല). ഫ്രാൻസിെൻറ പ്രതിരോധ മേഖലയിലെ പൊതുവായ കാര്യക്ഷമതയില്ലായ്മ കാരണമാണ് വിമാനങ്ങൾക്ക് ഉയർന്ന ചെലവ് വരുന്നതെന്ന് മേഖലയിലുള്ളവർ പറയുന്നു.
യു.എസ്, റഷ്യ തുടങ്ങിയ വമ്പൻമാരുമായി തട്ടിച്ചുനോക്കിയാൽ ഫ്രാൻസിെൻറ പ്രതിരോധ ഗവേഷണത്തിനും വികസനത്തിനുമുള്ള ബജറ്റ് വളരെ ചെറുതാണ്. ഇന്ത്യക്ക് ആവശ്യമായ റഫാലുകൾ നിർമിച്ച് നൽകാനാകാത്തതിന് കാരണവും ഇതുതന്നെയാണ്. ചെറിയ ഉൽപാദനത്തിന് മാത്രമായുള്ള പ്രൊഡക്ഷൻ ലൈനുകകളാണ് റഫാലിെൻറ നിർമാതാവായ ദസ്സോയിലുള്ളത്.
അഞ്ച് വിമാനങ്ങൾ ഇന്ത്യയിലെത്തിക്കാൻ അഞ്ചുവർഷം എടുത്തു എന്നത് ദസ്സോയുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത്. ലോകത്തിലെ മിക്ക മിലിട്ടറി ഷോകളിലും പിൻതള്ളപ്പെട്ടുപോയ ഫൈറ്റർ ജെറ്റാണ് റഫാൽ. ലോക രാജ്യങ്ങളില മൂന്നെണ്ണം മാത്രമാണ് ഫ്രാൻസിനെ കൂടാതെ ഇവ സ്വന്തമാക്കിയിട്ടുള്ളത്. ഇൗജിപ്ത്, ഖത്തർ, ഇന്ത്യ എന്നിവരാണാ രാജ്യങ്ങൾ.
യുനെസ്കൊ ചെയർ ഒാഫ് വാട്ടർ കോർപറേഷനിൽ പ്രഫസറായ അശോക് സ്വൈൻ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ വളരെ പ്രസക്തമാണ്. 'അഞ്ച് റാഫേലുകൾ വന്നതോടെ സർക്കാർ മെച്ചപ്പെട്ടതെന്തൊ നേടിയെന്ന തരത്തിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. റാഫേൽ വളരെ മികച്ചതാണെങ്കിൽ, ഒമാൻ, കൊറിയ, സിംഗപ്പൂർ, ലിബിയ, കുവൈറ്റ്, കാനഡ, ബ്രസീൽ, ബെൽജിയം, യു.എ.ഇ, സ്വിറ്റ്സർലൻഡ്, മലേഷ്യ എന്നിവ അത് വാങ്ങാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണ്. ഇന്ത്യയെ കൂടാതെ ഖത്തറും ഈജിപ്തും മാത്രമാണ് ഇത് വാങ്ങിയത്'-അദ്ദേഹം പറയുന്നു.
റാഫേലിനെ ലോക സൈനിക വിപണിയിൽ പരാജയമാക്കുന്നത് ഉയർന്ന വിലയും അത്രമാത്രം ആധുനികമല്ലെന്നതുമാണ്. ഉയർന്ന നിലവാരമുള്ള പോർ വിമാനം ആവശ്യമുള്ളവർ റാഫേലിനെ തെരഞ്ഞെടുക്കുന്നില്ലെന്ന് സാരം. എഫ് -15, സുഖോയ് -35, എഫ് -16 വി, എഫ് -18 ഇ, മിഗ് -35 എന്നിവയെല്ലാം റാഫേലിനേക്കാൾ ചെലവ് കുറഞ്ഞതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ ഫൈറ്റർ ജെറ്റുകളായാണ് സൈനിക വിപണിയിൽ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

