കെട്ടിടമില്ല, പക്ഷേ 87 ജീവനക്കാരുണ്ട്: അവസാന നിയമനം നടന്നത് 2026 ജൂൺ 15ന്; വിവാദമായി ഒരു സർക്കാർ ആശുപത്രി
text_fieldsപ്രതീകാത്മക ചിത്രം
ഇൻഡോർ: കെട്ടിടമില്ല, കിടക്കകളില്ല, വാർഡുകളില്ല, രോഗികളില്ല. എന്നിട്ടും ഈ ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരും അടക്കം 87 ജീവനക്കാരുണ്ട്! കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും മധ്യപ്രദേശിലെ ഇൻഡോറിൽ അക്ഷരാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്. കടലാസിൽ മാത്രം പ്രവർത്തിക്കുന്ന 'ഖജ്രാന സിവിൽ ആശുപത്രി'യെക്കുറിച്ചുള്ള വാർത്തകൾ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
2020 ജൂൺ 23നാണ് ഇൻഡോറിലെ ജനസാന്ദ്രതയേറിയ ഖജ്രാന മേഖലയിൽ 100 കിടക്കകളുള്ള സിവിൽ ആശുപത്രി നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ അനുമതി നൽകിയത്. ഖജ്രാന, മൂസാഖേഡി, തേജാജി നഗർ, ബിചോളി ഹപ്സി തുടങ്ങിയ പ്രദേശങ്ങളിലെ മൂന്ന് ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് ആശ്വാസമേകാനായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ, ആറ് വർഷങ്ങൾക്കിപ്പുറവും ആശുപത്രിക്ക് വേണ്ടി ഒരു തുണ്ട് ഭൂമി പോലും കണ്ടെത്താനോ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ആശുപത്രി കെട്ടിടം നിലവിലില്ലെങ്കിലും, സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ ഈ ആശുപത്രി സജീവമാണ്. ഇതിനായി ഡോക്ടർമാർ, മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യന്മാർ എന്നിവരടങ്ങുന്ന 87 തസ്തികകളാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി 2026 ജൂൺ 15ന് പോലും ഈ ആശുപത്രിയിലേക്ക് ഒരു ലാബ് ടെക്നീഷ്യനെ സ്ഥലം മാറ്റി ഉത്തരവിറക്കി. ആശുപത്രിയെന്ന പേരിൽ എവിടെയെങ്കിലും ഒരു കെട്ടിടം ഉണ്ടെങ്കിലല്ലേ അവിടെ ജോലിക്ക് പോകാൻ കഴിയൂ? അതിനാൽ, നിയമിക്കപ്പെടുന്നവരെ ഇൻഡോറിലെ പി.സി. സേത്തി ആശുപത്രി, ഹുകുംചന്ദ് ആശുപത്രി, വിവിധ സഞ്ജീവനി ക്ലിനിക്കുകൾ എന്നിവിടങ്ങളിലേക്ക് താൽക്കാലികമായി വിന്യസിക്കുകയാണ് ചെയ്യുന്നത്.
ആശുപത്രി നിർമാണം വൈകുന്നതിന് കാരണം ഭൂമി ലഭ്യതയിലെ പ്രതിസന്ധിയാണെന്നാണ് ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല വിശദമാക്കി. നഗരപ്രദേശങ്ങളിൽ ഇത്രയും വലിയ സ്ഥലം കണ്ടെത്താൻ പ്രയാസമാണെന്നും, നിർമാണം പൂർത്തിയാകുന്നത് വരെ ജീവനക്കാരെ മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റി നിയമിക്കുകയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ആറ് വർഷമായി ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് വലിയ ഭരണകൂട വീഴ്ചയായാണ് പൊതുജനങ്ങൾ കാണുന്നത്.
ഇൻഡോറിൽ നടന്നത് വലിയ അഴിമതിയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി ഇല്ലാത്ത ഒരിടത്തേക്ക് വർഷങ്ങളായി ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടി ദുരൂഹമാണെന്നും, സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും മുതിർന്ന നേതാവ് സജ്ജൻ സിങ് വർമ്മ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം, ഖജ്രാന ആശുപത്രി സംഘർഷ് സമിതിയുടെ ആരോപണം മറ്റൊന്നാണ്. ഭൂമി ലഭ്യമാണെങ്കിലും, ആ ഭൂമി കൈയേറ്റക്കാരുടെ നിയന്ത്രണത്തിലായതിനാലാണ് അധികൃതർ മനഃപൂർവ്വം പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് വാദം. സർക്കാരിന്റെ നിരുത്തരവാദിത്വം കാരണം ഇന്നും ഖജ്രാനയിലെ സാധാരണക്കാർ ചികിത്സക്കായി എം.വൈ ആശുപത്രിയെയും, എം.ടി.എച്ച് ആശുപത്രിയെയും ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. സർക്കാർ കടലാസുകളിൽ ആശുപത്രി പ്രവർത്തിക്കുമ്പോൾ സാധാരണക്കാരന്റെ ദുരിതങ്ങൾ മാത്രം യാഥാർത്ഥ്യമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

