സ്വകാര്യതാ ലംഘനമാവില്ല; വിവാഹമോചന കേസുകളിൽ രഹസ്യ കോൾ റെക്കോർഡുകൾ തെളിവാക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹമോചന നടപടികളിൽ ഭർത്താവ് ഭാര്യയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ കോളുകൾ തെളിവായി ഉപയോഗിക്കുന്നത് വിലക്കിയ പഞ്ചാബ്, ഹരിയാന ഹൈകോടതിയുടെ വിധി തിങ്കളാഴ്ച സുപ്രീംകോടതി റദ്ദാക്കി.
ഭാര്യയുടെ അറിവില്ലാതെ അവരുടെ ടെലിഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് അവളുടെ സ്വകാര്യതക്കുള്ള മൗലികാവകാശത്തിന്റെ ‘വ്യക്തമായ ലംഘനം’ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതിയുടെ വിധി. എന്നാൽ, രഹസ്യമായി റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ വിവാഹ തർക്കങ്ങളിൽ സ്വീകാര്യമായ തെളിവാണെന്ന് സുപ്രീംകോടതി വിധി തിരുത്തി.
‘വിവാഹം ഇണകൾ പരസ്പരം സജീവമായി ഒളിഞ്ഞുനോക്കുന്ന ഒരു ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കിൽ, അത് തന്നെ തകർന്ന ബന്ധത്തിന്റെ ലക്ഷണമാണ്. അവർ തമ്മിലുള്ള വിശ്വാസക്കുറവിനെ അത് സൂചിപ്പിക്കുന്നു’വെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധിച്ചു.
‘ഈ കേസിൽ സ്വകാര്യതയുടെ ലംഘനമുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. വാസ്തവത്തിൽ ‘തെളിവ് നിയമത്തിലെ’ സെക്ഷൻ 122 അത്തരമൊരു അവകാശത്തെ അംഗീകരിക്കുന്നില്ല. മറുവശത്ത്, ഇണകൾ തമ്മിലുള്ള സ്വകാര്യതക്കുള്ള അവകാശത്തിന് ഇത് ഒരു അപവാദം സൃഷ്ടിക്കുന്നുവെന്നും’ സുപ്രീംകോടതി പറഞ്ഞു.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള വിവാഹമോചന നടപടികൾ ഉൾപ്പെടുന്ന ഒരു കേസിൻ പിന്നാലെയാണ് സുപ്രീംകോടതിയുടെ ഈ വിധി വന്നിരിക്കുന്നത്. കേസിൽ ജസ്റ്റിസ് ലിസ ഗിൽ ആയിരുന്നു ഹൈകോടതിയിൽ വിധി പ്രസ്താവിച്ചത്.
ഭാര്യ തന്നോട് ക്രൂരമായി പെരുമാറുന്നുണ്ടെന്നതിന് തെളിവായി രഹസ്യമായി റെക്കോർഡുചെയ്‌ത ഫോൺ സംഭാഷണങ്ങൾ ഉപയോഗിക്കാൻ ഭട്ടിൻഡയിലെ കുടുംബ കോടതി ഭർത്താവിന് അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് തന്റെ സമ്മതമില്ലാതെയാണ് റെക്കോർഡിങ് നടത്തിയതെന്നും അത് സ്വീകരിക്കുന്നത് സ്വകാര്യതക്കുള്ള മൗലികാവകാശത്തെ ലംഘിക്കുമെന്നും വാദിച്ച് യുവതി ഹൈകോടതിയെ സമീപിച്ചു.
ഹൈകോടതി അവരുടെ ഹരജി അംഗീകരിക്കുകയും കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. സംഭാഷണങ്ങൾ ഒരു കക്ഷി രഹസ്യമായി രേഖപ്പെടുത്തിയതിനാൽ, തെളിവായി അത്തരം റെക്കോർഡിങു:ൾ അനുവദിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള ക്രൂരത സംബന്ധിച്ച ഭർത്താവിന്റെ ആരോപണങ്ങളെ പിന്തുണക്കുന്നതിനായി ബട്ടിൻഡയിലെ കുടുംബ കോടതി ഈ റെക്കോർഡിങ്ങുകൾ തെളിവായി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

