ഹിജാബ് നിരോധനം എല്ലാ കോളജുകൾക്കും ബാധകമല്ലെന്ന് കർണാടക മുഖ്യമന്ത്രി
text_fieldsബംഗളുരു: കർണാടകയിലെ ഡിഗ്രി കോളജുകളിൽ ഹിജാബ്, കാവി ഷാൾ, മറ്റ് മത ചിഹ്നങ്ങൾ എന്നിവ നിരോധിച്ചു കൊണ്ടുള്ള ഹൈകോടതി ഉത്തരവ് എല്ലാ കോളജുകൾക്കും ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. "ഹൈകോടതി ഉത്തരവ് എല്ലാ കോളജുകളും പിന്തുടരേണ്ടതില്ല. യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്ന കോളജുകൾക്ക് മാത്രമായിരിക്കും ഉത്തരവ് ബാധക"മെന്നും ബസവരാജ് ബൊമ്മൈ നിയമസഭയിൽ വ്യക്തമാക്കി. യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്ന പ്രീ-യൂണിവേഴ്സിറ്റി കോളജുകൾക്കാണ് ഫെബ്രുവരി 10ലെ ഉത്തരവ് ബാധകമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹിജാബ് ധരിച്ച കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശൂന്യവേളയിൽ ഉന്നയിച്ചതിന്‍റെ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മതചിഹ്നങ്ങൾക്ക് മേലുള്ള നിയന്ത്രണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. സി.എൻ അശ്വത് നാരായണന്റെ പ്രസ്താവനയിൽ വിശദീകരണം തേടുകയായിരുന്നു സിദ്ധരാമയ്യ.
വസ്ത്രധാരണത്തിന്റെ ഭാഗമായി ശിരോവസ്ത്രം അനുവദിക്കാത്ത കോളജുകളിൽ മാത്രം ഹിജാബുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കർണാടകയിലെ മിക്കയിടങ്ങളിലും ഹൈകോടതി ഉത്തരവ് പൊതുവായ നിർദേശം എന്ന നിലയ്ക്കാണ് പരിഗണിച്ചിരിക്കുന്നത്. ഈ വിഷയമാണ് പ്രതിപക്ഷ നേതാവ് സഭയിൽ ചൂണ്ടിക്കാട്ടിയത്.
ഹിജാബ് വിവാദത്തെ തുടർന്ന് ഒരു ഇടവേളക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചപ്പോൾ പല ഡിഗ്രി കോളജുകളിലും വിദ്യാർഥികളെ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

