Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാരണം വെളിപ്പെടുത്താതെ...

കാരണം വെളിപ്പെടുത്താതെ അറസ്റ്റ് പാടില്ല; മൗലികാവകാശത്തിലൂ​ന്നി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി

text_fields
bookmark_border
കാരണം വെളിപ്പെടുത്താതെ അറസ്റ്റ് പാടില്ല; മൗലികാവകാശത്തിലൂ​ന്നി  നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി
cancel

ന്യൂഡൽഹി: കാരണം പറയാതെ ഒരു പൗരനെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും അത് വെളിപ്പെടുത്തുക എന്നത് പ്രതിയുടെ മൗലികാവകാശമാണെന്നും സുപ്രീംകോടതി. ബന്ധപ്പെട്ട ചട്ടം കർശനമായ ജാമ്യ വ്യവസ്ഥകൾ നിർദേശിക്കുന്നുണ്ടെങ്കിൽപ്പോലും ഈ അവകാശത്തിന്റെ ലംഘനം സംഭവിച്ചാൽ പ്രതിക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കുമെന്നും ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്തതിന്റെ കാരണം അറിയിക്കാത്തത് അറസ്റ്റിനെ ബാധിക്കും. ഇത് തിരിച്ചറിഞ്ഞാൽ അറസ്റ്റിലായ വ്യക്തിക്ക് ഒരു നിമിഷം പോലും കസ്റ്റഡിയിൽ തുടരാനാവില്ലെന്നും വിധിയിൽ പറയുന്നു. ഇത്തരം നിന്ദ്യമായ അറസ്റ്റുകൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസും രാജ്യത്തുടനീളമുള്ള എല്ലാ കോടതികളും പാലിക്കേണ്ട നിരവധി നിർദേശങ്ങളും മാർഗനിർദേശങ്ങളും ബെഞ്ച് പുറപ്പെടുവിച്ചു.

ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം), ആർട്ടിക്കിൾ 22 (സ്വേച്ഛാപരമായ അറസ്റ്റിൽ നിന്നും തടങ്കലിൽ നിന്നും സംരക്ഷണം), സി.ആർ.പി.സിയുടെ സെക്ഷൻ 50, അതിന്റെ നിലവിലെ ബി.എൻ.എസ്.എസിന്റെ സെക്ഷൻ 48 എന്നിവയെല്ലാം ഒരു വ്യക്തിയെ അടിസ്ഥാന കാരണം പറയാതെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കൽപിക്കുന്നു.

1962ൽ ഹരികിഷൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയിൽ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ഒരു വ്യക്തിക്ക് അവരുടെ അറസ്റ്റിന്റെ കാരണം അറിയാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് വിധിച്ചത് ബെഞ്ച് ഓർമിപ്പിച്ചു.

അറസ്റ്റിന്റെ കാരണങ്ങൾ അറിയിച്ചില്ലെങ്കിൽ, അത് ആർട്ടിക്കിൾ 22 (1) പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമായി മാറുമെന്ന് പ്രധാന വിധിന്യായം വായിച്ച ജസ്റ്റിസ് ഓക്ക നിരീക്ഷിച്ചു.

തുടർന്ന് ബെഞ്ച് താഴെപ്പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു:

*ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിന്റെ അടിസ്ഥാനം അറിയിക്കേണ്ടത് നിർബന്ധമാണ്.

*കുറ്റാരോപിതന് മനസ്സിലാകുന്ന ഭാഷയിലാണ് ഈ വിവരം അറിയിക്കേണ്ടത്.

*ആർട്ടിക്കിൾ 22(1) അനുസരിക്കുന്നില്ല എന്ന് അറസ്റ്റിലായ പ്രതി ആരോപിക്കുകയാണെങ്കിൽ, അനുസരണം തെളിയിക്കാനുള്ള ബാധ്യത അന്വേഷണ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഏജൻസിക്കോ ആയിരിക്കും.

*ആർട്ടിക്കിൾ 22(1), ആർട്ടിക്കിൾ 21 എന്നിവ പാലിക്കാത്തത് പ്രതിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. അതിനാൽ, ഇത്തരമൊരു സന്ദർഭത്തിൽ ഒരു ക്രിമിനൽ കോടതി പുറപ്പെടുവിക്കുന്ന ഏത് റിമാൻഡ് ഉത്തരവും ദുർബലമായിരിക്കും. എന്നാൽ ഇത് അന്വേഷണത്തെയോ കുറ്റപത്രത്തെയോ വിചാരണയെയോ തടസ്സപ്പെടുത്തില്ല.

*അറസ്റ്റിലായ ഒരാളെ റിമാൻഡിനായി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ ആർട്ടിക്കിൾ 22(1) ഉം മറ്റ് നിർബന്ധിത സുരക്ഷാ മാർഗങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മജിസ്‌ട്രേറ്റിന് ബാധ്യതയുണ്ട്.

*ആർട്ടിക്കിൾ 22 (1)ന്റെ ലംഘനം സ്ഥാപിക്കപ്പെടുമ്പോൾ, ജാമ്യം അനുവദിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പ്രതിയെ വിട്ടയക്കാൻ കോടതി ഉടൻ ഉത്തരവിടണം.

വഞ്ചനക്കും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയായ വിഹാൻ കുമാർ എന്നയാളെ വിട്ടയക്കാൻ ബെഞ്ച് ഹരിയാന സർക്കാറിനോട് നിർദേശിച്ചു. അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് ഇയാളെ അറിയിച്ചിട്ടില്ലെന്നും അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിധി. അറസ്റ്റിനുശേഷം കുമാറിനെ കൈകൾ ബന്ധിച്ച് ആശുപത്രി കിടക്കയിൽ ചങ്ങലയിട്ട് ബന്ധിച്ചത് ആർട്ടിക്കിൾ 21 പ്രകാരമുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് പറഞ്ഞ കോടതി അതിൽ ഞെട്ടലും വേദനയും പ്രകടിപ്പിച്ചു.

എല്ലായ്‌പ്പോഴും ആർട്ടിക്കിൾ 22 അനുസരിക്കണമെന്ന് പൊലീസിന് നിർദേശം നൽകാനും ആശുപത്രി കിടക്കയിൽ ആയിരിക്കുമ്പോൾ ഒരിക്കലും ഒരു പ്രതിയെ കൈവിലങ്ങ് വെക്കുകയോ കട്ടിലിൽ കെട്ടുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കാനും ഹരിയാന സർക്കാറിനോട് സു​പ്രീംകോടതി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestjudiciaryfundamental rightsaccusedSupreme Court
News Summary - No arrest without revealing grounds: Supreme Court focus on fundamental rights of accused
Next Story