മതസ്ഥാപനങ്ങളിൽ അരാജകത്വം അരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മതസ്ഥാപനങ്ങളിൽ അരാജകത്വം അരുതെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരു മതസ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള അവകാശം അതിന്റെ പ്രവർത്തനരീതിയും മാനദണ്ഡങ്ങളും കൂടി അടങ്ങുന്നതാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളിൽ മറ്റു മതങ്ങളിലെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി സംബന്ധിച്ച വാദവും വന്നപ്പോഴാണ് സുപ്രീംകോടതിയുടെ നിർണായകമായ നിരീക്ഷണം.
ദർഗയായാലും ക്ഷേത്രമായാലും അതുമായി ബന്ധപ്പെട്ട ആരാധന നടത്തേണ്ട രീതിയും കാര്യങ്ങൾ ചെയ്യേണ്ട ക്രമവുമുണ്ടാകുമെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല വ്യക്തമാക്കി. അതൊക്ക നിയന്ത്രിക്കാനും ആരെങ്കിലുമൊക്കെയുണ്ടാകും. താനാഗ്രഹിക്കുന്നതുപോലെ താൻ ചെയ്യുമെന്നോ കവാടങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ എപ്പോഴും തുറന്നിടണമെന്നോ ഒരുത്തനും പറയാനാവില്ല. അതാര് നിയന്ത്രിക്കുമെന്നതാണ് ചോദ്യം. ഇവിടെയാണ് നിയന്ത്രണത്തിനുള്ള നിയമപരമായ സംരക്ഷണം ആവശ്യമാകുന്നത്. അതേസമയം ഈ നിയന്ത്രണം ഭരണഘടനാപരമായ പരിധികളെ ലംഘിക്കുന്നതോ ഭരണഘടനാപരമായ മാനദണ്ഡങ്ങളിൽ വിവേചനം കൽപിക്കുന്നതോ ആകാൻ പാടില്ല. ഏതൊരു മതസ്ഥാപനത്തിനും ഒരു നടപടിക്രമമുണ്ടാകുമെന്നും ഓരോ വ്യക്തിയും വ്യക്തിപരമായി തീരുമാനിക്കേണ്ടതല്ല അതെന്നും ജസ്റ്റിസ് അമാനുല്ല കൂട്ടിച്ചേർത്തു.
ഹസ്രത്ത് ഖ്വാജ നിസാമുദ്ദീൻ ഔലിയയുടെ ദർഗയുമായി ബന്ധപ്പെട്ട ചിശ്തി നിസാമി സൂഫി പരമ്പരയുടെ പിൻഗാമിയായ പീർസാദ സയ്യിദ് അൽതമഷ് നിസാമിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിസാം പാഷ ഒരു മതസ്ഥാപനത്തിൽ പ്രവേശനം നിയന്ത്രിക്കാനുള്ള അവകാശം അതിന്റെ പരിപാലനത്തിനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വാദിച്ചു. ഇസ്ലാം മത വിശ്വാസികളിൽ വിശുദ്ധരായവരുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. സൂഫി സമ്പ്രദായത്തിൽ ഒരു വിശുദ്ധനെ മറമാടിയ സ്ഥലത്തോട് ആദരവുണ്ട്. ഇതിൽതന്നെ ചിശ്തിയ, ഖാദിരിയ, നഖ്ശബന്ദിയ, സുഹ്റവർധിയ എന്നിങ്ങനെ നാല് പാരമ്പര്യങ്ങളുണ്ട്. ഇവയെ ഓരോ വിശ്വാസ വിഭാഗമായി കാണണമെന്ന് പാഷ വാദിച്ചു. അതിനാൽ മതസ്ഥാപനത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയെന്നത് നടത്തിപ്പുകാരുടെ അവകാശമാണെന്നും പാഷ വാദിച്ചു. അപ്പോഴാണ് അരാജകത്വം പറ്റില്ലെന്ന് ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല പറഞ്ഞത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

