അംബേദ്കർ കോളജിലെ പ്രഫസറെ തല്ലിയ എ.ബി.വി.പി നേതാവിനെതിരെ നടപടിയില്ല; കടുത്ത അരക്ഷിതാവസ്ഥയിൽ ഡൽഹി സർവകലാശാല അധ്യാപകർ
text_fieldsന്യൂഡൽഹി: കോളജ് പ്രഫസറെ തല്ലിയതിന് ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡി.യു.എസ്.യു) ജോയന്റ് സെക്രട്ടറിയും എ.ബി.വി.പി അംഗവുമായ ദീപിക ഝാക്കെതിരെ നടപടിയെടുക്കാത്തതിനാൽ ഡൽഹി സർവകലാശാലയുമായി ബന്ധപ്പെട്ട അധ്യാപക സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥയും കടുത്ത പ്രതിഷേധവും.
ഒക്ടോബർ 16ന് ഡോ. ഭീം റാവു അംബേദ്കർ കോളജിലെ പ്രഫസർ സുജിത് കുമാറിനെയും മറ്റ് ചില അധ്യാപകരെയും ദീപിക ഝായും മറ്റ് എ.ബി.വി.പി അംഗങ്ങളും ചേർന്ന് അപമാനിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പലിന്റെ ഓഫിസിൽ നടന്ന അച്ചടക്ക സമിതി യോഗത്തിനിടെ ദീപിക ഝാ, പ്രഫസർ സുജിത് കുമാറിനെ മർദിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
കോളജിൽ നടന്ന എ.ബി.വി.പി ഉൾപ്പെട്ട അക്രമസംഭവവുമായി ബന്ധപ്പെട്ടായിരുന്നു അച്ചടക്ക സമിതി യോഗം. എ.ബി.വി.പി യുമായി ബന്ധമുള്ള ഝാ ക്ഷണിക്കപ്പെടാതെ യോഗത്തിൽ പ്രവേശിക്കുകയും തർക്കത്തിലേർപ്പെടുകയുമായിരുന്നുവെന്ന് ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് പറഞ്ഞു. സംഭവം കാമ്പസിലുടനീളമുള്ള അധ്യാപകരുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിഷേധത്തിന് കാരണമായി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാല ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രതികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടിയില്ല.
ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്, ഇന്ത്യൻ നാഷനൽ ടീച്ചേഴ്‌സ് കോൺഗ്രസ്, ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഇനിഷ്യേറ്റീവ്, രാഷ്ട്രീയ ശിക്ഷ മോർച്ച, സമാജ്‌വാദി ശിക്ഷക് മഞ്ച് എന്നിവ ഭാവി നടപടികൾ തീരുമാനിക്കുന്നതിനായി ഒരു ജനറൽ ബോഡി യോഗം വിളിക്കാനും തെറ്റുചെയ്ത വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും സർവകലാശാലയെയും കോളജിനെയും സമ്മർദത്തിലാക്കാനും ഡൽഹി ഡീച്ചേഴ്സ് അസോസിയേഷനോട് അഭ്യർഥിച്ചു.
അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും എതിരായ അക്രമത്തിന് കർശനമായ അച്ചടക്ക നടപടി ആവശ്യമാണ്. ഈ അക്രമാസക്തമായ പ്രവൃത്തിക്കു ശേഷം, ഡി.യു.എസ്.യു പ്രസിഡന്റും ഡി.യു.എസ്.യു ജോയിന്റ് സെക്രട്ടറിയും വാർത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അധ്യാപകന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നു. ഇത് അസ്വീകാര്യമാണെന്നും ഗ്രൂപ്പുകൾ പ്രസ്താവനയിൽ പറഞ്ഞു.
‘വിദ്യാർഥികൾക്കും ജീവനക്കാർക്കും സുരക്ഷിതത്വം തോന്നുന്നതിനും പ്രവർത്തിക്കാൻ കഴിയുന്നതുമായ ഒരു അന്തരീക്ഷം നിലനിർത്തുന്നതിന് കർശനമായ അച്ചടക്ക നടപടി പ്രധാനമാണ്. ഈ അക്രമത്തിനെതിരെ നിലകൊള്ളാൻ ഞങ്ങൾ ഞങ്ങളുടെ വിദ്യാർഥികളോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതുവരെ അധ്യാപകർക്ക് സുരക്ഷിതത്വം തോന്നില്ലെന്ന് രാജധാനി കോളജിലെ ഫാക്കൽറ്റി അംഗവും ഐ.എൻ.ടി.ഇ.സി പ്രസിഡന്റുമായ പങ്കജ് ഗാർഗ് പറഞ്ഞു. ഉടനടി മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും ഗാർഗ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

